World

ആറു താലിബാന്‍ പ്രവര്‍ത്തകരെ തൂക്കിക്കൊന്നു

കാബൂള്‍: രാജ്യത്ത് വധശിക്ഷ വിധിക്കപ്പെട്ട് തടവില്‍ കഴിയുകയായിരുന്ന ആറു താലിബാന്‍ പ്രവര്‍ത്തകരെ ഇന്നലെ തൂക്കിക്കൊന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 2014ല്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി അധികാരത്തിലേറിയ ശേഷം ഇതാദ്യമായാണ് രാജ്യത്ത് വധശിക്ഷ നടപ്പാക്കുന്നത്. പൊതു സുരക്ഷയ്ക്കും സാധാരണക്കാരുടെ ജീവനും ഭീഷണിയെന്നു ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ശിക്ഷ നടപ്പാക്കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അവകാശപ്പെട്ടു. താലിബാനെതിരേ സൈനികനടപടി ശക്തമാക്കുമെന്ന് കഴിഞ്ഞമാസം ഗനി പ്രഖ്യാപിച്ചിരുന്നു. പാകിസ്താന്‍ മണ്ണ് താലിബാന്‍ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമേഖലയാണെന്നും സര്‍ക്കാര്‍ ഇതിനെതിരേ നടപടികള്‍ കൈക്കൊള്ളണമെന്നും പാകിസ്താന് ഗനി താക്കീത് നല്‍കിയിരുന്നു. വര്‍ഷങ്ങളായി നിഷേധിച്ച ആരോപണം അടുത്തിടെ പാക് സര്‍ക്കാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. കാബൂളിലെ സുരക്ഷാ കാര്യാലയത്തില്‍ താലിബാന്‍ ആക്രമണം നടത്തുകയും 64 പേര്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അതിവേഗ നടപടി. ഗനിയുടെ പ്രസ്താവനയുടെ പിന്നാലെ തന്നെ തങ്ങളുടെ പോരാളികളെ വധിച്ചാല്‍ ശക്തമായ തിരിച്ചടികള്‍ സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്ന് താലിബാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അതേസമയം, തൂക്കിലേറ്റിയതിനെക്കുറിച്ചുള്ള വാര്‍ത്തകളോട് താലിബാന്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസമാണ് താലിബാന്‍ വസന്തകാല ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്തത്. 15 വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണമായിരിക്കും ഇതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അഫ്ഗാനിലെ വിദേശശക്തികള്‍ക്കും അവര്‍ക്ക് രാജ്യത്ത് സ്വാധീനമുണ്ടാക്കാന്‍ സഹായിക്കുന്ന സര്‍ക്കാരിനുമെതിരേയാണ് താലിബാന്‍ പ്രവര്‍ത്തകര്‍ പോരാട്ടം തുടരുന്നത്. പാകിസ്താനുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മധ്യസ്ഥതയില്‍  അഫ്ഗാന്‍ സര്‍ക്കാരും  താലിബാന്‍ പ്രവര്‍ത്തകരും തമ്മില്‍ സമാധാനചര്‍ച്ച നടത്താന്‍ ശ്രമം നടന്നെങ്കിലും നടക്കാതെ പോവുകയായിരുന്നു.
Next Story

RELATED STORIES

Share it