ആറു കോടിയിലധികം പേര്‍ അഭയാര്‍ഥികളായെന്ന് യുഎന്‍

ന്യൂയോര്‍ക്ക്: ഈ വര്‍ഷം ലോകത്താകമാനം അഭയാര്‍ഥികളാവുകയോ കുടിയൊഴിപ്പിക്കപ്പെടുകയോ ചെയ്തവരുടെ എണ്ണം ആറു കോടി കവിഞ്ഞതായി അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള യുഎന്‍ സംഘടന. 76 ലക്ഷം ജനങ്ങള്‍ രാജ്യം വിട്ടുപോവാന്‍ നിര്‍ബന്ധിതമായ സിറിയന്‍ ആഭ്യന്തരയുദ്ധമടക്കം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കലാപങ്ങളും യുദ്ധങ്ങളുമാണ് അഭയാര്‍ഥികളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് യുഎന്‍ റിപോര്‍ട്ട് പറയുന്നു.
ലോകത്ത് 122 ആളുകളില്‍ ഒരാള്‍ വീതം രാജ്യം വിടാന്‍ നിര്‍ബന്ധിതനാവുന്നുവെന്നും റിപോര്‍ട്ടിലുണ്ട്. ഈ വര്‍ഷം പകുതിവരെ, 3.4 കോടി ജനങ്ങളാണ് ആഭ്യന്തര അഭയാര്‍ഥികളായത്. 2014 പകുതി വരെയുണ്ടായിരുന്നതിനേക്കാള്‍ 20 ലക്ഷം അധികമാണിത്. സിറിയ, ഉക്രെയ്ന്‍ എന്നിവിടങ്ങളിലെ കലാപങ്ങളോടൊപ്പം അഫ്ഗാനിസ്താന്‍, സോമാലിയ, സുദാന്‍, ബുറുണ്ടി, കോംഗോ, ഇറാഖ് എന്നീ രാജ്യങ്ങളിലെ ആഭ്യന്തരപ്രശ്‌നങ്ങളും അഭയാര്‍ഥികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമായതായും റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്, തിരികെ സ്വരാജ്യത്തേക്കു മടങ്ങിപ്പോയവരുടെ എണ്ണത്തില്‍ വന്‍കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. ഇതുവരെയായി 84,000 അഭയാര്‍ഥികള്‍ മാത്രമാണ് സ്വരാജ്യത്തേക്കു മടങ്ങിപ്പോയത്.
Next Story

RELATED STORIES

Share it