ആറുദിവസം ഉറുമ്പുകളെ ഭക്ഷിച്ച് ആസ്‌ത്രേലിയക്കാരന്‍ ജീവന്‍ നിലനിര്‍ത്തി

മെല്‍ബണ്‍: വെള്ളംപോലും കുടിക്കാതെ ഉറുമ്പുകളെ മാത്രം കഴിച്ച് 62കാരന്‍ കഴിച്ചുകൂട്ടിയത് ആറുദിവസം. ആസ്‌ത്രേലിയക്കാരനായ റെഗ് ഫോഗര്‍ഡിയാണ് ഉറുമ്പുകളുടെ ബലത്തില്‍ ജീവന്‍ നിലനിര്‍ത്തിയത്. കഴിഞ്ഞമാസം പടിഞ്ഞാറന്‍ ആസ്‌ത്രേലിയയില്‍ ഒട്ടകവേട്ടയ്ക്കിറങ്ങിയ ഫോഗര്‍ഡിയെ വനപ്രദേശത്തു വച്ചു കാണാതാവുകയായിരുന്നു. ആറു ദിവസത്തിനുശേഷം കാണാതായിടത്തുനിന്ന് 12 കിലോമീറ്റര്‍ മാറി പോലിസ് ഇയാളെ കെണ്ടത്തി. കഴിഞ്ഞദിവസമാണ് ഇയാള്‍ തന്റെ ഉറുമ്പുജീവിതം മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയത്. കരുത്തുകൊണ്ടല്ല ഭാഗ്യം കൊണ്ടാണ് തനിക്കു ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതെന്ന് ഫോഗര്‍ഡി പറഞ്ഞു. പ്രമേഹരോഗിയായ ഫോഗര്‍ഡിക്ക് അടുത്തിടെ ഹൃദയാഘാതവും വന്നിരുന്നു.
വെള്ളം കുടിക്കാതെ മൂന്നുദിവസത്തില്‍ കൂടുതല്‍ ഒരാള്‍ക്കു ജീവിക്കാനാവില്ലെന്നാണു കേട്ടിട്ടുള്ളത്. പക്ഷേ എനിക്ക് ആറു ദിവസം വെള്ളമില്ലാതെ കഴിച്ചുകൂട്ടാനായി. ഇയാള്‍ പറയുന്നു. ഒരിടയ്ക്ക് തനിക്കു രക്ഷപ്പെടാമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു. വടിയുപയോഗിച്ച് ഉറുമ്പുകളെ കൂട്ടില്‍നിന്നു പിടിച്ചുതിന്നു. ആദ്യദിവസം 12 ഉറുമ്പുകളെയും രണ്ടാമത്തെ ദിവസം 18 ഉറുമ്പുകളെയും തിന്നുവെന്ന് ഫോഗര്‍ഡി പറഞ്ഞു. ഇപ്പോള്‍ ഉറുമ്പു മനുഷ്യന്‍ എന്ന വിളിപ്പേരും ഇദ്ദേഹത്തിനു വന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it