ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദനച്ചടങ്ങ് മുഖ്യമന്ത്രിക്ക് വിലക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദനച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മുഖ്യമന്ത്രി ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. പ്രോട്ടോകോള്‍ അനുസരിച്ച് പ്രധാനമന്ത്രിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കണമെന്നിരിക്കെ വെള്ളാപ്പള്ളിയുടെ നിലപാട് വിവാദങ്ങള്‍ക്ക് തിരികൊളുത്തും.
സംഘാടകരുടെ അഭ്യര്‍ഥന മാനിച്ചാണ് താന്‍ വിട്ടുനില്‍ക്കുന്നതെന്നും ഇതില്‍ അതിയായ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടെന്നും പരിപാടിയില്‍ നിന്ന് ഒഴിഞ്ഞുനിന്നു സഹായിക്കണമെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യന്ത്രിയോട് ഫോണില്‍ വിളിച്ച് അഭ്യര്‍ഥിച്ചതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വെള്ളാപ്പള്ളി തന്നെയാണ് പരിപാടിയിലേക്ക് അധ്യക്ഷനായി മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ രണ്ടു വിധത്തില്‍ താന്‍ ബാധ്യസ്ഥനാണെന്നു മുഖ്യമന്ത്രി അറിയിച്ചു. ആര്‍ ശങ്കര്‍ കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ആയിരുന്നു. കൂടാതെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രോട്ടോകോള്‍ പ്രകാരവും പൊതുമര്യാദ അനുസരിച്ചും പങ്കെടുക്കേണ്ട ഉത്തരവാദിത്തമുണ്ട്. എന്നാല്‍, തന്നെ ക്ഷണിച്ച സംഘാടകര്‍ തന്നെ പുതിയ നിലപാട് സ്വീകരിച്ചതിനാലാണ് തനിക്ക് പരിപാടിയില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കും. എന്നാല്‍, പ്രധാനമന്ത്രിയെ കൊച്ചി വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉണ്ടാവും. കൃഷിമന്ത്രി കെ പി മോഹനനാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവേളയിലെ മിനിസ്റ്റര്‍ ഇന്‍ വെയിറ്റിങ്.
പ്രധാനമന്ത്രി തിരുവനന്തപുരത്തു നിന്നു യാത്രയാവുമ്പോള്‍ ബന്ധപ്പെട്ടവര്‍ കേരളത്തിന്റെ പൊതുആവശ്യങ്ങള്‍ അദ്ദേഹത്തോട് ഉന്നയിക്കും. എല്ലാവരും ചേര്‍ന്ന് പ്രധാനമന്ത്രിയെ യാത്രയാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, ബിജെപി നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. സ്വകാര്യ ചടങ്ങായി പരിപാടി സംഘടിപ്പിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് എസ്എന്‍ഡിപി നേതൃത്വത്തോട് നിര്‍ദേശിച്ചത്. ഇതിനു പിന്നാലെയാണ് ചടങ്ങില്‍ അധ്യക്ഷനായി തീരുമാനിച്ചിരുന്ന മുഖ്യമന്ത്രിയോട് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടത്.
സ്വകാര്യ ചടങ്ങായി പരിപാടി സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടതായി വെള്ളാപ്പള്ളിയും സ്ഥിരീകരിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന നേതൃത്വവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് യുഡിഎഫ് നേതാക്കളും കുറ്റപ്പെടുത്തുന്നു. ഈ മാസം 15ന് കൊല്ലം ആശ്രാമം മൈതാനിയിലാണ് ആര്‍ ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്നത്.
Next Story

RELATED STORIES

Share it