ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങ്; കുടുംബാംഗങ്ങള്‍ വിട്ടു നിന്നു

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: വിവാദങ്ങള്‍ക്കിടയില്‍ മുന്‍ മുഖ്യമന്ത്രിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്നും അദ്ദേഹത്തിന്റെ കുടുംബം വിട്ടു നിന്നു. ശങ്കറിനെ ആര്‍എസ്എസ്സുകാരനാക്കാനുള്ള സംഘപരിവാര ശ്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു കുടുംബം വിട്ടുനിന്നത്.
ആര്‍ ശങ്കര്‍ കൊല്ലത്ത് ആര്‍എസ്എസ് ശാഖയില്‍ സ്വയം സേവകനായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ബിജെപി മുഖപത്രമായ ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ഗാന്ധിവധക്കാലത്ത് ആര്‍എസ്എസ്സിനെ നിരോധിച്ചപ്പോള്‍ കൊല്ലത്ത് പ്രവര്‍ത്തനം നടത്തിയ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്റെ അനുഭവക്കുറിപ്പ് ഉദ്ധരിച്ചാണ് ആര്‍ ശങ്കറിനെ സ്വയം സേവകനായി ചിത്രീകരിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന സമയത്തും ശങ്കര്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെന്നും ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് ശങ്കറിന്റെ കുടുംബം പ്രതിഷേധവുമായെത്തിയത്.
ശങ്കര്‍ ആര്‍എസ്എസ്സുകാരനല്ലെന്നും സംഘപരിവാരം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും മകന്‍ മോഹന്‍ ശങ്കര്‍ പറഞ്ഞു. പ്രതിമ ഉണ്ടാവുന്നത് കൊണ്ട് മാത്രം ആദരവ് ലഭിക്കുമെന്ന് കരുതുന്നില്ല. ബിജെപി പാളയത്തിലേക്ക് അദ്ദേഹത്തെ മാറ്റി നിര്‍ത്താനുള്ള ശ്രമം അനുവദിക്കാനാവില്ല. അദ്ദേഹം നൂറു ശതമാനം ഗാന്ധിയനായിരുന്നെന്നും മോഹന്‍ ശങ്കര്‍ പറഞ്ഞു.
അതേസമയം, സംഘപരിവാരം തൊടുത്തുവിട്ട ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായിരുന്നു ഇന്നലെ മോദിയുടെ കൊല്ലത്തെ പ്രസംഗം. ജനസംഘത്തിലൂടെ ആര്‍ ശങ്കറിന്റെ സംഘപരിവാര ബന്ധം ഓര്‍മിപ്പിക്കാനാണ് തന്റെ പ്രസംഗത്തിന്റെ കാല്‍ഭാഗവും മോദി മാറ്റിവച്ചത്. മന്നത്ത് പത്മനാഭനും ആര്‍ ശങ്കറും രൂപവല്‍ക്കരിച്ച ഹിന്ദു മഹാമണ്ഡലത്തെ ഓര്‍മ്മിപ്പിച്ചും ജനസംഘത്തിന്റെ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുമായി ആര്‍ ശങ്കറിനുണ്ടായിരുന്ന ബന്ധം അനുസ്മരിച്ചുകൊണ്ടുമായിരുന്നു നരേന്ദ്ര മോദി ശങ്കറിനെ സംഘപരിവാര സഹയാത്രികനാക്കിയത്. ജനസംഘത്തിന്റെ കാണ്‍പൂരില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തിലേക്ക് ശ്യാമപ്രസാദ് മുഖര്‍ജി ആര്‍ ശങ്കറിനെ ക്ഷണിക്കുകയും അദ്ദേഹം എത്തുകയും ചെയ്തു. ആ ശ്യാമപ്രസാദ് മുഖര്‍ജി നേതൃത്വം കൊടുത്ത ജനസംഘമാണ് ഇന്നത്തെ ബിജെപിയെന്നും അതിന്റെ നേതാവായതില്‍ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു.
Next Story

RELATED STORIES

Share it