Flash News

ആര്‍.എസ്.എസ്. പിന്തുണയോടെ കേന്ദ്രം ഫാഷിസം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു: ഡീന്‍ കുര്യാക്കോസ്

ആര്‍.എസ്.എസ്. പിന്തുണയോടെ കേന്ദ്രം ഫാഷിസം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു: ഡീന്‍ കുര്യാക്കോസ്
X
deen-kuriakose

പാലക്കാട്: ആര്‍.എസ്.എസ്, സംഘപരിവാര്‍ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന്റേ ഒത്താശയോടെ സംസ്‌കാരത്തിലും ഭാഷയിലും ഇപ്പോള്‍ ഭക്ഷണത്തിലും ഫാഷിസ്റ്റ് രാഷ്ട്രീയം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഉദാഹരണമാണ് ദാദ്ര സംഭവമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. രാജ്യത്തെ സമസ്ത മേഖലകളിലും വര്‍ഗീയത ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഫാഷിഷത്തിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത സ്ഥാനങ്ങളില്‍ ആര്‍.എസ്.എസ് ഭക്തരേ പ്രതിഷ്ഠിച്ച് സംസ്‌കാരത്തേയും ചരിത്രത്തേയും വളച്ചൊടിച്ച് ഫാഷിഷം നടപ്പാക്കുകയാണ്. അതിനെതിരെ പ്രതികരിക്കുന്ന എഴുത്തുകാരേയും സാംസ്‌കാരിക നായകരേയും തന്ത്രപൂര്‍വം കൊലപ്പെടുത്തുകയാണ്. രാമജന്മഭൂമി പ്രശ്‌നം കലുഷിതമാക്കാന്‍ കാരണക്കാരനായ വ്യക്തിയുടെ പേരില്‍ സ്റ്റാമ്പിറക്കാനാണ് ഇപ്പോഴത്തെ കേന്ദ്ര ശ്രമം.

വര്‍ഗീയ ഫാഷിസ്റ്റ് നയങ്ങള്‍ സമുദായ സംഘടനകളെ ഉപയോഗപ്പെടുത്തി നടപ്പാക്കാമെന്ന വ്യാമോഹം മതേതരകേരളത്തില്‍ വിലപ്പോവില്ല. കേരള വര്‍മ്മ കോളജിലെ സംഭവത്തില്‍ ആര്‍.എസ്.എസ് കല്‍പ്പിക്കുംപോലെ നിയമം വളച്ചൊടിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അനുവദിക്കില്ല. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നാവശ്യപ്പെട്ട് കഴിവും ജനപ്രിയരുമായവരുടെ ലിസ്റ്റ് കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കും. യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് സുധീരന്‍ ഉറപ്പ് നല്‍കിയുണ്ടെങ്കിലും അത് പ്രായോഗികമാക്കാന്‍ കുറച്ചുകൂടി ഇച്ഛാശക്തിയോടെ അദ്ദേഹം പ്രവര്‍ത്തിക്കണം.

ഫാഷിഷത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്നതിന് പകരം അവര്‍ ചെയ്യുന്നത് പകര്‍ത്തുകയാണ് ശ്രീകൃഷ്ണജയന്തി ആഘോഷത്തിലൂടെ സി.പി.എം ചെയ്തത്. കണ്ണൂരില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതികളായ ആര്‍.എസ്.എസുകാരെ പെട്ടെന്ന് വിട്ടയച്ച നടപടി ഒറ്റപ്പെട്ട സംഭവമാണെന്നും പോലിസ് കാര്യക്ഷമമായിതന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ഇന്ന് വൈകീട്ട് 4.30 ന് പാലക്കാട് ചെറിയ കോട്ടമൈതാനിയില്‍ പൊതുസമ്മേളനം സംഘടിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് മഹേന്ദ്ര സിംഗ് രാജാപ ഉദ്ഘാടനം ചെയ്യും. വി എം സുധീരന്‍, രമേശ് ചെന്നിത്തല പങ്കെടുക്കുമെന്നും ഡീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേതാക്കളായ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ എം ഫെബിന്‍, സജേഷ് ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it