ആര്‍.എസ്.എസിന് പലയിടത്തും പല മുഖങ്ങളെന്ന് ടീസ്ത

കണ്ണൂര്‍: ആര്‍.എസ്.എസിന് പലയിടത്തും പല മുഖങ്ങളാണെന്നു ഗുജറാത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദ്. കണ്ണൂരില്‍ പാട്യം ഗവേഷണകേന്ദ്രം സംഘടിപ്പിച്ച വര്‍ഗീയതയുടെ വര്‍ത്തമാനം സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതുപോലെയല്ല ആര്‍.എസ്.എസ്. ഉത്തരാഖണ്ഡിലും മഹാരാഷ്ട്രയിലും പ്രവര്‍ത്തിക്കുന്നത്.
കേരളത്തില്‍ ആര്‍.എസ്.എസിന്റേതു പോലുള്ള പ്രവര്‍ത്തനരീതികളെ ഗൗരവമായി കാണണം. പണ്ടുകാലത്ത് ഇവര്‍ തള്ളിപ്പറഞ്ഞ അംബേദ്കറെയും ശ്രീനാരായണഗുരുവിനെയുമെല്ലാം തങ്ങളുടെ ആളുകളാക്കി പ്രചരിപ്പിച്ചാണു ഹിന്ദു ഏകീകരണത്തിനു ശ്രമിക്കുന്നത്.
പ്രാദേശികവും വംശീയവുമായ നിലപാടുകളിലൂടെയാണു വര്‍ഗീയതയെ മനസ്സിലാക്കേണ്ടത്. പ്രാദേശികതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ദേശീയതലത്തില്‍ വലിയ ഏകോപനമുണ്ട്. അതുകൊണ്ടുതന്നെ സംഘപരിവാര സംഘടനകളുടെ  അജണ്ട ഒന്നുതന്നെയാണെന്ന ബോധ്യം വേണം. ഗുജറാത്തിലെ വികസനം മിഥ്യയാണെന്ന് പട്ടേല്‍ പ്രക്ഷോഭത്തോടെ തെളിഞ്ഞു. അതുപോലെതന്നെ ഗുജറാത്തിലെ മുസ്‌ലിംകള്‍ കലാപത്തിന്റെ കെടുതികള്‍ അതിജീവിച്ച് അതിവേഗം മുന്നേറുകയാണെന്ന വാദവും പൊള്ളയാണ്. ഗാന്ധിജിയെ വധിക്കുന്നതിനു മുമ്പ് മൂന്നുതവണ ആര്‍.എസ്.എസ്. ആക്രമിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തിലോ ഇന്ത്യയുടെ രൂപീകരണത്തിലോ യാതൊരു സംഭാവനയും ആര്‍.എസ്.എസ്. നല്‍കിയിട്ടില്ലെന്നും  അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it