Flash News

ആര്‍ബിഐ ഗവര്‍ണര്‍: പരിഗണനാപട്ടികയില്‍ 14 പേര്‍

ആര്‍ബിഐ ഗവര്‍ണര്‍: പരിഗണനാപട്ടികയില്‍ 14 പേര്‍
X
rbi

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ പദവിയില്‍ രണ്ടാമൂഴത്തിനില്ലെന്ന് രഘുറാം രാജന്‍ അറിയിച്ചതോടെ പുതിയ ഗവര്‍ണര്‍ ആരാവുമെന്ന കാര്യത്തില്‍ ചര്‍ച്ച മുറുകി. പ്രധാനമായും 14ഓളം പേരുകളാണ് പരിഗണനയിലുള്ളത്.
റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ ഊര്‍ജിത് പട്ടേല്‍, രാകേഷ് മോഹന്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേധാവി അരുന്ധതി ഭട്ടാചാര്യ, കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അശോക് ലാഹിരി, നാഷനല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മേധാവി അശോക് ചാവ്‌ല, മുന്‍ ധനകാര്യ സെക്രട്ടറി വിജയ് കേല്‍ക്കര്‍, മുന്‍ സിഎജി വിനോദ് റായ്, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍, ലോകബാങ്ക് മുഖ്യ സാമ്പത്തിക വിദഗ്ധന്‍ കൗശിക് വാസു, റവന്യൂ സെക്രട്ടറി ശക്തികാന്ത ദാസ്, ധനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് പാര്‍ഥസാരഥി ഷോം, ബ്രിക്‌സ് ബാങ്ക് മേധാവി കെ വി കാമത്ത്, സെബി ചെയര്‍മാന്‍ യു കെ സിന്‍ഹ, പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ആര്‍ വൈദ്യനാഥന്‍ എന്നിവരാണ് പരിഗണനാപട്ടികയില്‍ ഇടംനേടിയവര്‍.
ഇതില്‍ റിസര്‍വ് ബാങ്കിന്റെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായ ഊര്‍ജിത് പട്ടേലിനാണ് കൂടുതല്‍ സാധ്യത. ആര്‍ബിഐയുടെ വായ്പാനയങ്ങളില്‍ നിര്‍ണായകമായ സാന്നിധ്യമാണ് ഈ 52കാരന്‍.
പട്ടികയില്‍ പരിഗണിക്കുന്ന അരുന്ധതി ഭട്ടാചാര്യ എസ്ബിഐയുടെ കിട്ടാക്കടം നിയന്ത്രിക്കുന്നതില്‍ സ്വീകരിച്ച മാര്‍ഗങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായിരുന്നു. ഫോബ്‌സ് മാഗസിന്റെ 100 കരുത്തുറ്റ വനിതകളില്‍ ഇടംനേടിയ ഈ 60കാരി ഈ വര്‍ഷാവസാനം എസ്ബിഐ നേതൃപദവി ഒഴിയും.
68കാരനായ രാകേഷ് മോഹന്‍ ധനമന്ത്രാലയത്തില്‍ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, റിസര്‍വ് ബാങ്കിന്റെ വായ്പാനയങ്ങളിലും സാമ്പത്തിക സര്‍വേകളിലും പങ്കാളിയായി. അശോക് ലാഹിരിക്ക് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ (എഡിബി) എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവര്‍ത്തിച്ച് പരിചയമുണ്ട്. നിലവില്‍ ബന്ധന്‍ ബാങ്കിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ് ഈ 64കാരന്‍.
കോംപറ്റീഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് ഈ വര്‍ഷമാണ് 65കാരനായ അശോക് ചാവ്‌ല വിരമിച്ചത്. 74കാരനായ വിജയ് കേല്‍ക്കര്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുടെ റിപോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു.
രാഷ്ട്രീയപ്പാര്‍ട്ടികളെയും വ്യവസായമേഖലയെയും അമ്പരപ്പിച്ചുകൊണ്ടാണ് കാലാവധി കഴിയുന്നതോടെ വിരമിക്കുകയാണെന്ന് രഘുറാം രാജന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. രാജന്റെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ മാനിക്കുന്നതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. അദ്ദേഹം ചെയ്ത നല്ല പ്രവൃത്തികളെ അഭിനന്ദിക്കുന്നു. അടുത്ത ഗവര്‍ണറെ ഉടന്‍ തീരുമാനിക്കുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
Next Story

RELATED STORIES

Share it