malappuram local

ആര്‍ജവത്തിന്റെ ഇടിമുഴക്കം തീര്‍ത്ത് വാരിയന്‍കുന്നത്തിന്റെ പിന്മുറക്കാര്‍

റസാഖ് മഞ്ചേരി

മലപ്പുറം: ചുവടുവയ്പ്പുകളില്‍ ആര്‍ജ്ജവത്തിന്റെ ഇടിമുഴക്കം തീര്‍ത്ത് വാരിയന്‍കുന്നത്തിന്റെ പിന്മുറക്കാര്‍ നഗരവീഥികള്‍ കൈയടക്കിയപ്പോള്‍ അത് സമാനതകളില്ലാത്ത മുഹൂര്‍ത്തമായി. ഒരു നൂറ്റാണ്ടു മുമ്പ് സമര യൗവനങ്ങള്‍ വൈദേശിക കങ്കാണികളെ തുരത്തിയ അരീക്കോടിന്റെയും പരപ്പനങ്ങാടിയുടെയും മണ്ണിലൂടെ മഹാപുരുഷാരത്തെ സാക്ഷിയാക്കി പോപുലര്‍ ഫ്രണ്ട് വോളന്റിയര്‍മാര്‍ വിമോചനത്തിന്റെ നവകാഹളം മുഴക്കി കടന്നുവന്നത് ചരിത്രത്തിന്റെ തനിയാവര്‍ത്തനങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഫാഷിസത്തിന്റെ തേറ്റയും നഖവും കൂടുതല്‍ വ്യക്തമായ വര്‍ത്തമാന സാഹചര്യം പ്രതിരോധത്തിന്റേതുകൂടിയാവണമെന്ന ഓര്‍മപ്പെടുത്തലായിരുന്നു ഇന്നലെ നടന്ന യൂനിറ്റി മാര്‍ച്ച് വിളിച്ചോതിയത്.
നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതത്തിന്റെ ഉല്‍കൃഷ്ട മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര ഭീകരതയോട് രാജിയാവാന്‍ ഒരുക്കമല്ലെന്ന് പ്രതിജ്ഞ ചെയ്ത യുവത്വം നെഞ്ചൂക്ക് സമരായുധമാണെന്ന് കാണിച്ചു.
കീഴടങ്ങാന്‍ മനസ്സില്ലാത്ത പൗരുഷങ്ങള്‍ക്ക് താങ്ങും തണലുമായി ഉരുക്കു കോട്ടകണക്കെ നിലയുറപ്പിച്ച സ്ത്രീജനങ്ങളും കുട്ടികളും പൊതു സമൂഹത്തിന്റെ പരിഛേദമായി. തകര്‍ത്തുകളയാനാവാത്ത സംഘ ശക്തിയുടെ പേരാണ് പോപുലര്‍ ഫ്രണ്ടെന്ന് തെളിയിച്ച ഏകതാ മാര്‍ച്ച് അച്ചടക്കം കൊണ്ടും നിശ്ചയ ദാര്‍ഢ്യം കൊണ്ടും വേറിട്ടുനിന്നു. സമ്മേളന മാമാങ്കങ്ങളും മാര്‍ച്ച് പാസ്റ്റുകളുടെ കെട്ടുകാഴ്ചകളും കണ്ടു മടുത്ത മലയാളക്കരയ്ക്ക് വിമോചനത്തിലേക്കുള്ള ചുവടുവയ്പ്പുകള്‍ എങ്ങനെയായിരിക്കണമെന്ന് പഠിപ്പിച്ചുകൊണ്ടാണ് ഒരോ വോളന്റിയറും അടിവച്ചത്.
ഇന്ത്യയുടെ പരമാധികാരത്തിനും സമസഹിഷ്ണുതയ്ക്കും കത്തിവയ്ക്കുന്ന ആര്‍എസ്എസിന്റെ അജണ്ടകള്‍ തിരിച്ചറിയണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ മാര്‍ച്ചിന് ശേഷം നടന്ന സമ്മേളനം ആഹ്വാനം ചെയ്തു. ആര്‍ത്തലച്ചെത്തിയ ആയിരങ്ങളുടെ നെഞ്ചകത്ത് സുരക്ഷിത ബോധം നല്‍കാന്‍ മാത്രം കരുത്തുള്ളതായിരുന്നു പരിപാടി. സ്‌നേഹത്തിന്റെ ശത്രുകളുടെ ഇടനെഞ്ചു കലങ്ങാന്‍ മാത്രം ശക്തമായ ചവിട്ടടികളുമായാണ് ജില്ലയിലെ രണ്ട് നഗരങ്ങളിലൂടെയും ഏകതാമാര്‍ച്ച് കടന്നുപോയത്.
വിവിധ തുറകളിലുള്ളവര്‍ കുടുംബസമേതം പരിപാടിക്ക് ഒഴുകിയെത്തിയത് വളരുന്ന പ്രസ്ഥാനത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയായി. ഒഴുകിയെത്തിയ പുരുഷാരത്തെ ആനന്ദാശ്രുക്കളോടെ വീക്ഷിച്ച് വിനയാന്വിതരായ നേതൃനിരയും കൊടുങ്കാറ്റിന്റെ ശക്തിയോടെ കര്‍മരംഗം സജീവമാക്കിയ സഖാക്കളും പതിനാല് നൂറ്റാണ്ടുകള്‍ക്കിപ്പുറവും കളങ്കമില്ലാതെ കൈമാറ്റം ചെയ്യപ്പെട്ട ഒരു പ്രത്യേയശാസ്ത്രത്തിന്റെ കാവല്‍ പടയെ അനുസ്മരിപ്പിച്ചു.
ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരീക്കോട് നടന്ന യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും ഉജ്ജ്വലമായി. പ്രൗഢമായ സദസ്സുകളില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
അരീക്കോട് നടന്ന ഈസ്റ്റ് ജില്ലാ പൊതുസമ്മേളനം എസ്ഡിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് സംസഥാന സമിതിയംഗം പി നൂറുല്‍ അമീന്‍, കമ്യൂണിറ്റിഡവലപ്‌മെന്റ് പദ്ധതി പ്രഖ്യാപനം പി വി മുജീബ് നിര്‍വഹിച്ചു.
യുഎപിഎ വിരുദ്ധ പ്രതിജ്ഞ ജില്ലാ സെക്രട്ടറി സി മന്‍സൂര്‍അലി ചൊല്ലിക്കൊടുത്തു. ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ദാരിമി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കൃഷ്ണന്‍ എരഞ്ഞിക്കല്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം മുന്‍ മേധാവി ഡോ. എ ഐ റഹ്മത്തുല്ല, സമാജ് വാദി പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഉമര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം സെക്രട്ടറി അല്‍മോയ റസാഖ്, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ഒ കെ തങ്ങള്‍, എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് സൗദ ഉസ്മാന്‍, കാംപസ് ഫ്രണ്ട് ജില്ലാ ഭാരവാഹി ഫായിസ് കണിച്ചേരി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം പി അബ്ദുര്‍റഹ്മാന്‍ സംസാരിച്ചു. വൈകീട്ട് 4.45ന് അരിക്കോട്-നിലമ്പൂര്‍ റോഡ് ജങ്ഷനില്‍ സൗത്ത് പുത്തലത്തുനിന്നാരംഭിച്ച യൂനിറ്റി മാര്‍ച്ചും പ്രകടനവും നഗരം ചുറ്റി പൊതുസമ്മേളന നഗരിയില്‍ സമാപിച്ചു. 33 അംഗങ്ങളുള്ള എട്ട് ബാച്ചുകളും ഓഫിഷ്യലുകളുമടങ്ങിയ സംഘമാണ് സംഘബോധത്തിന്റെ കരുത്തറിയിച്ച അരീക്കോട് പഥസഞ്ചലനം നടത്തിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചെത്തിയിരുന്നത്.
Next Story

RELATED STORIES

Share it