Pathanamthitta local

ആര്‍ക്കും ഭൂരിപക്ഷമില്ല: കുറ്റൂര്‍-കടപ്ര ഗ്രാമപ്പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുക്കാന്‍ പാര്‍ട്ടികള്‍ തന്ത്രങ്ങള്‍ മെനയുന്നു

തിരുവല്ല: മുന്നണികള്‍ക്കൊന്നും ഭൂരിപക്ഷം ഇല്ലാത്ത കുറ്റൂര്‍, കടപ്ര പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്ത്രങ്ങള്‍ മെനയുന്നു. 14 വാര്‍ഡുകളുള്ള കുറ്റൂരില്‍ ആറ് സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. എല്‍ഡിഎഫിന് അഞ്ച് സീറ്റുകള്‍ ലഭിച്ചപ്പോള്‍ അധികാരത്തിലിരുന്ന യുഡിഎഫിന് ലഭിച്ചത് രണ്ട് സീറ്റുകളും.
യുഡിഎഫ് സ്ഥാനാര്‍ഥിത്വം നല്‍കാതിരുന്നതിനെ തുടര്‍ന്ന് വിമതയായി ഒമ്പതാം വാര്‍ഡില്‍ നിന്നും മല്‍സരിച്ച ബിന്‍സി ആരാമാമൂട്ടിലിന്റെ വിജയം മുതലാക്കി ഭരണം പിടിക്കാന്‍ ബിജെപിയും, എല്‍ഡിഎഫും ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ബിന്‍സിയുടെ പിന്തുണയില്‍ ഇരുവര്‍ക്കും ഭരണത്തിലെത്താന്‍ കഴിയില്ലെന്നുള്ളതാണ് വസ്തുത. ഇതോടെ യുഡിഎഫിന്റെ നിലപാട് നിര്‍ണായകമാവും.
ഇന്നത്തെ സാഹചര്യത്തില്‍ ബിജെപിയെ ഒഴിവാക്കി ഭരണ സംവിധാനം ഒരുക്കുകയെന്ന ലക്ഷ്യത്തിലാണ് എല്‍ഡിഎഫും, യുഡിഎഫും. ബിന്‍സിയെ തിരികെ യുഡിഎഫില്‍ കൊണ്ടുവന്ന് അംഗബലം മൂന്നാക്കി പുറത്തു നിന്ന് പിന്തുണ എല്‍ഡിഎഫിന് നല്‍കണമെന്നും, പ്രസിഡന്റ് സ്ഥാനം വനിതക്ക് സംവരണമായതിനാല്‍ ബിന്‍സിയെ പ്രസിഡന്റാക്കി എല്‍ഡിഎഫിന് പിന്തുണ നല്‍കണമെന്നും യുഡിഎഫില്‍ രണ്ട് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇടനിലക്കാരെ ബന്ധപ്പെടുത്തി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളതായാണ് അറിയുന്നത്.
ബിജെപിക്ക് അധികാരത്തിലെത്താനുള്ള സാധ്യത കുറവാണെന്നു തന്നെയാണ് രാഷ്ട്രീയ വിലയിരുത്തല്‍. എല്‍ഡിഎഫ് ഭരണത്തിലിരുന്ന കുപ്ര പഞ്ചായത്തില്‍ ആകെയുള്ള 15 വാര്‍ഡുകളില്‍ ഏഴു വീതം നേടി യുഡിഎഫും, എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്. ഭൂരിപക്ഷം നേടി ഭരണം പിടിക്കാനായില്ലെങ്കിലും പന്ത്രണ്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച സ്വതന്ത്രന്റെ പിന്തുണയില്‍ ഭരണം യുഡിഎഫിന് സ്വന്തമാവും. കെപിസിസി അംഗവും.
മുന്‍ ജില്ലാ പഞ്ചായത്തംഗവും, കടപ്ര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ നിരണം തോമസിന്റെ മകന്‍ സുരേഷ്.പി തോമസാണ് വിജയം കണ്ട സ്വതന്ത്രന്‍. കെഎസ്‌യുവിലൂടെയും, യൂത്ത് കോണ്‍ഗ്രസിലൂടെയും അറിയപ്പെടുന്ന നേതാവായിരുന്ന സുരേഷ് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെ വന്നതിനാലാണ് സ്വതന്ത്ര വേഷം അണിയേണ്ടി വന്നത് സുരേഷിന് പ്രസിഡന്റ് സ്ഥാനം നല്‍കി യുഡിഎഫിന് ഭരണം സുഗമമാക്കാന്‍ കഴിയുമെങ്കിലും പ്രസിഡന്റ് പദവിക്ക് മോഹിക്കുന്നവരും കോണ്‍ഗ്രസിലുണ്ടെന്നുള്ള വസ്തുത മറച്ചുവെക്കാനാവില്ല.
Next Story

RELATED STORIES

Share it