ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അപൂര്‍വ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുന്നു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട അപൂര്‍വ ചിത്രങ്ങള്‍ പരസ്യപ്പെടുത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ തീരുമാനം. 1608ല്‍ ആദ്യ ഈസ്റ്റ് ഇന്ത്യാ കമ്പനി കപ്പല്‍ ഇന്ത്യയിലെത്തുന്നത്, പ്ലാസി യുദ്ധത്തിലെ സിറാജുദ്ദൗലയുടെ പരാജയം, 1857ലെ കലാപം, 1947 ആഗസ്ത് 15 അര്‍ധ രാത്രിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാകയുയര്‍ത്തുന്നത് തുടങ്ങിയ അപൂര്‍വ ചിത്രങ്ങളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പരസ്യപ്പെടുത്താനൊരുങ്ങുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിപ്പോയ ഈ ചിത്രങ്ങള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിപ്പോള്‍. ചരിത്ര സ്‌നേഹികളെ ആകര്‍ഷിക്കുന്ന ഈ ചിത്രങ്ങ ള്‍ വൈകാതെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ലണ്ടന്‍ ബ്രിട്ടീഷ് ലൈബ്രറിയിലെ ഇന്ത്യന്‍ ഹൗസ്, യുകെയിലെ ദര്‍ഹം യൂനിവേഴ്‌സിറ്റി, കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി, അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ സ്റ്റഡീസ്, അല്‍ഖാസി ഫൗണ്ടേഷന്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പദ്ധതി. ഇവരുടെയെല്ലാം ആര്‍ക്കൈവ്‌സുകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട നിരവധി അപൂര്‍വ ചിത്രങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 4, 5 തിയ്യതികളില്‍ ഒരു വര്‍ക്‌ഷോപ്പും നടത്തുന്നുണ്ട്. 1861-1900 കാലത്ത് ഇന്ത്യയുടെ നിരവധി ചിത്രങ്ങളെടുത്ത സര്‍ അലക്‌സാണ്ടര്‍ കണ്ണിങ്ഹാമിന്റെ ശേഖരമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഘടിപ്പിച്ചതിലൊന്ന്.
1903 മുതല്‍ 1934 വരെയുള്ള കാലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ജോയിന്റ് ഡിജി ആയിരുന്ന ജോണ്‍ മാര്‍ഷല്‍ എടുത്ത ചിത്രങ്ങളാണ് മറ്റു ചിലത്. തക്ഷശില, ഹാരപ്പ, നളന്ദ, മോഹന്‍ജദാരോ എന്നിവിടങ്ങളില്‍ നടന്ന ചരിത്രഖനനത്തിന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇരുവരും തിരിച്ചുപോയപ്പോള്‍ തങ്ങളുടെ ചിത്രങ്ങള്‍ കൊണ്ടുപോവുകയും ബ്രിട്ടീഷ് ലൈബ്രറിക്ക് കൈമാറുകയുമായിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം ഇവയില്‍ വലിയൊരു ശേഖരം കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി, അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ സ്റ്റഡീസ്, അല്‍ഖാസി ഫൗണ്ടേഷന്‍ എന്നീ സ്ഥാപനങ്ങള്‍ വാങ്ങുകയോ കടമെടുക്കുകയോ ചെയ്തു. ഈ സ്ഥാപനങ്ങളുടെ സഹായത്തോടെ ഒരു ഡിജിറ്റല്‍ ഡയറക്ടറി തന്നെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്. ചിത്രം ഉള്‍ക്കൊള്ളുന്ന പ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ആല്‍ബങ്ങളാണ് ആര്‍ക്കിയോളജി വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്.
വടക്കുകിഴക്കന്‍ അതിര്‍ത്തി മേഖല, ഇന്തോ ടിബറ്റ്, ഉത്തരേന്ത്യ, ബോംബെ പ്രസിഡന്‍സി, ദക്ഷിണ സംസ്ഥാനങ്ങള്‍ എന്നിവയാണവ. വിവിധ പ്രദേശങ്ങളുടെ മനോഹരമായ ചിത്രങ്ങളും നേതാക്കളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
Next Story

RELATED STORIES

Share it