ആര്‍എസ്എസ് വാര്‍ത്താ ഏജന്‍സിക്ക് കേന്ദ്രത്തിന്റെ വഴിവിട്ട സഹായം

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറിന് കേന്ദ്രസര്‍ക്കാരിന്റെ വഴിവിട്ട സഹായം. ഹിന്ദുസ്ഥാന്‍ സമാചാറിനെ പ്രസ്ട്രസ്റ്റ് ഓഫ് ഇന്ത്യ(പിടിഐ), യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ(യുഎന്‍ഐ) എന്നിവയ്‌ക്കൊപ്പം പ്രമുഖ വാര്‍ത്താ ഏജന്‍സികളുടെ ലിസ്റ്റില്‍ മൂന്നാമതായി ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ സഹായം ചെയ്യുന്നത്.
1948ല്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് ശിവറാം ശങ്കര്‍ ആപ്‌തെ, സംഘ് സൈദ്ധാന്തികന്‍ എം എസ് ഗോള്‍വള്‍ക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഹിന്ദുസ്ഥാന്‍ സമാചാര്‍ സ്ഥാപിച്ചത്. സര്‍ക്കാര്‍ നടപടി കേന്ദ്രസര്‍ക്കാരിന്റെ സഹായത്തിനു പുറമെ തങ്ങളുടെ വരിക്കാരുടെ എണ്ണം കൂട്ടാനും ഹിന്ദുസ്ഥാന്‍ സമാചാറിനെ സഹായിക്കും. രാജ്യത്തെ ഏറ്റവും ദുര്‍ബലമായ വാര്‍ത്താ ഏജന്‍സിയാണ് ഹിന്ദുസ്ഥാന്‍ സമാചാര്‍. സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ അക്രഡിറ്റേഷനുള്ള ഒരു റിപോര്‍ട്ടര്‍ പോലും സമാചാറിനില്ല. 1970ല്‍ അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാര്‍ ഈ വാര്‍ത്താ ഏജന്‍സിയെ നിരോധിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഏജന്‍സി 1986ല്‍ അടച്ചുപൂട്ടി. പിന്നീട് വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2000ത്തിലാണ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്.
പഹാഡ്ഗഞ്ചിലെ ഒരു അമ്പലത്തിനു മുകളിലാണ് ഇതിന്റെ ആസ്ഥാനം. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതോടെ ഓഫിസ് നോയിഡയിലെ നല്ലൊരു സ്ഥലത്തേക്കു മാറ്റാനാണ് ആര്‍എസ്എസ് നീക്കം നടത്തുന്നത്. അര്‍ഹതയുടെ അടിസ്ഥാനത്തിലാണ് ഹിന്ദുസ്ഥാന്‍ സമാചാറിനെ മികച്ച വാര്‍ത്താ ഏജന്‍സികള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.
Next Story

RELATED STORIES

Share it