ആര്‍എസ്എസ്- ബിജെപി രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നു

തിരുവനന്തപുരം: എസ്എന്‍ഡിപി- ബിജെപി കൂട്ടുകെട്ടിനെയും വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്രയെയും പ്രതിരോധിക്കാനും പരസ്യമായി എതിര്‍ക്കാനും യുഡിഎഫില്‍ തീരുമാനം. കേരളത്തിലെ മതേതരത്വത്തിനു ഭീഷണിയുണ്ടാക്കി വര്‍ഗീയ ധ്രുവീകരണത്തിന് ബിജെപി- എസ്എന്‍ഡിപി സഖ്യം ശ്രമിക്കുന്നതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളി സമത്വമുന്നേറ്റ യാത്ര ആരംഭിച്ചതെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു.
സമത്വമുന്നേറ്റ യാത്ര, വര്‍ഗീയത വര്‍ധിപ്പിക്കാനും മതത്തിന്റെ പേരില്‍ ജനങ്ങളെ പല തട്ടുകളാക്കി പരസ്പരം പോരടിപ്പിക്കാനും ഇടയാക്കും. മതേതര ശക്തികളുമായി ഒരുമിച്ച് ഈ നീക്കത്തെ ശക്തമായി നേരിടണമെന്ന അഭിപ്രായം യുഡിഎഫ് അംഗീകരിച്ചു. മതവിദ്വേഷം പ്രചരിപ്പിക്കുന്ന സമത്വമുന്നേറ്റ യാത്രയില്‍ നിന്നു പിന്തിരിയാന്‍ ശ്രീനാരായണഗുരുവിന്റെ മതേതര ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസികള്‍ വെള്ളാപ്പള്ളിയോട് ആവശ്യപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു.
ആര്‍എസ്എസ്- ബിജെപി രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് തങ്കച്ചന്‍ വ്യക്തമാക്കി. പ്രതീക്ഷിച്ചതിലും വലിയ അപകടത്തിലേക്കാണ് സമത്വമുന്നേറ്റ യാത്ര പോവുന്നത്. തടഞ്ഞില്ലെങ്കില്‍ ഭാവിക്ക് അപകടമാണ്. കേരളത്തില്‍ സിപിഎമ്മും കേന്ദ്രത്തില്‍ ബിജെപിയുമാണ് കോണ്‍ഗ്രസ്സിന്റെ ശത്രുവെന്നും തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഡിസിസി നേതൃത്വത്തില്‍ കാര്യമായ മാറ്റം വേണമെന്ന് കെപിസിസി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. തിരഞ്ഞെടുപ്പിലെ പരാജയം അവലോകനം ചെയ്യുന്നതിനായി വിളിച്ച യോഗത്തിലാണ് അഴിച്ചുപണി ചര്‍ച്ചയായത്. കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ പാര്‍ട്ടി നേരിട്ട വന്‍ തിരിച്ചടിക്കു കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്ന വിമര്‍ശനമുയര്‍ന്നു. കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഡിസിസികളെ രൂക്ഷമായി വിമര്‍ശിച്ചു. പരാജയം തിരിച്ചറിഞ്ഞിട്ടും നേതാക്കളുടെ മൗനം ഭയപ്പെടുത്തുന്നതാണെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
പത്തനംതിട്ടയില്‍ സീറ്റുകച്ചവടം നടന്നുവെന്നും അട്ടിമറി നടത്തിയെന്നും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശിയ സെക്രട്ടറി അനില്‍ തോമസ് ആരോപിച്ചു. ഇതിനിടെ, മലപ്പുറത്തെ പ്രശ്‌നങ്ങള്‍ വിശദീകരിക്കാന്‍ എഴുന്നേറ്റ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ സുധീരന്‍ വിലക്കി. താനാണ് യോഗത്തിന്റെ അധ്യക്ഷനെന്നും താന്‍ പറയുമ്പോള്‍ സംസാരിച്ചാല്‍ മതിയെന്നായിരുന്നു സുധീരന്റെ നിലപാട്. പട്ടാളച്ചിട്ടയൊക്കെ കാട്ടിയിട്ടും തോല്‍വിയാണു സംഭവിച്ചതെന്ന കാര്യം മറക്കേണ്ടെന്നായിരുന്നു ആര്യാടന്റെ പ്രതികരണം. എ ഗ്രൂപ്പ് നേതാക്കള്‍ വിട്ടുനിന്നതിനാല്‍ കണ്ണൂരിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തില്ല. ഇന്ന് ഐ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടക്കുമെന്നാണു വിവരം. ഇന്നലെ സമാപിക്കേണ്ട ചര്‍ച്ച കണ്ണൂരിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാത്തതിനാല്‍ ഇന്നത്തേക്കു നീട്ടുകയായിരുന്നു.
Next Story

RELATED STORIES

Share it