ആര്‍എസ്എസ് കേന്ദ്രം വഴി സിവില്‍ സര്‍വീസില്‍ 450 പേര്‍

ന്യൂഡല്‍ഹി: ആര്‍എസ്എസ് സ്ഥാപിച്ച പരിശീലന കേന്ദ്രം ‘സങ്കല്‍പ്’ വഴി ഇതുവരെ ഉന്നത ഉദ്യോഗസ്ഥ രംഗത്തെത്തിയത് 450 പേര്‍. സംഘപരിവാര പ്രവര്‍ത്തകരെ സിവില്‍ സര്‍വീസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി 1986ലാണ് സ്ഥാപനം ആരംഭിച്ചത്. പരിശീലന കേന്ദ്രത്തിന്റെ ഏതെങ്കിലും വിധത്തിലുള്ള സഹായത്താലാണ് 450പേരും സിവില്‍ സര്‍വീസ് വിജയിച്ചതെന്ന് ആര്‍എസ്എസ് അവകാശപ്പെടുന്നു. കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലേക്ക് യുപിഎസ്‌സി നേരിട്ടു നടത്തുന്ന ഇരുപത്തഞ്ചോളം പരീക്ഷകള്‍ക്കുള്ള പരിശീലനവും  നല്‍കുന്നുണ്ട്. ഇതുമുഖേന 4,500ഓളം പേര്‍ കേന്ദ്ര സര്‍വീസിലെത്തിയതായി സങ്കല്‍പ്പിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

ഡല്‍ഹിയില്‍ ഉള്‍പ്പെടെ 14 നഗരങ്ങളിലാണ്  സങ്കല്‍പ്പിന് ശാഖകളുള്ളത്. കോയമ്പത്തൂരാണ് കേരളത്തിനു തൊട്ടടുത്ത ശാഖ. അവസാന ശാഖ ആഗ്രയിലാണ് ആരംഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ സംഘപരിവാര അനുകൂലികളായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക് സിവില്‍ സര്‍വീസിലും യുപിഎസ്‌സി നടത്തുന്ന മറ്റു മല്‍സര പരീക്ഷകളിലും പരിശീലനം നല്‍കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. പരിശീലനത്തിന് പുറമെ താമസ സൗകര്യം, ഭക്ഷണം എന്നിവയെല്ലാം കുറഞ്ഞ ചെലവില്‍ നല്‍കും. നിലവില്‍ 10 ബാച്ചുകളാണ് ഡല്‍ഹിയില്‍ പഠനം നടത്തുന്നത്. ആര്‍എസ്എസ് വിദ്യാഭ്യാസ ശൃംഖലയായ വിദ്യാഭാരതി സ്ഥാപകരിലൊരാളായ ദിനനാഥ് ബത്രയാണ് പ്രധാന ഉപദേശകന്‍. ബിജെപി നേതാക്കളായ ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് മുന്‍ ഗവര്‍ണര്‍ എന്‍ എന്‍ ഝാ, മുന്‍ കേന്ദ്രമന്ത്രി ജഗ്‌മോഹന്‍ മല്‍ഹോത്ര, ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി മദന്‍ദാസ് ദേവി തുടങ്ങിയവരും സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച സംഘപരിവാര സഹയാത്രികരായ ഉദ്യോഗസ്ഥരുമടങ്ങുന്ന 13 അംഗ ട്രസ്റ്റിനാണ് നടത്തിപ്പ് ചുമതല.
Next Story

RELATED STORIES

Share it