ആര്‍എസ്എസ് അനുകൂല നിലപാട് ; തെറ്റ് സമ്മതിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവണം: കോടിയേരി

കൊച്ചി: കഴിഞ്ഞ നാലരവര്‍ഷം ആര്‍എസ്എസ് അനുകൂല നിലപാട് സ്വീകരിച്ചത് തെറ്റായിപ്പോയെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം കണ്ണമാലി ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് മുഖപത്രത്തിലെ പ്രതിലോമകരമായ ലേഖനം പിന്‍വലിക്കണമെന്ന് മാത്രം പറഞ്ഞ ഉമ്മന്‍ചാണ്ടി അതിനെതിരെ കേസെടുക്കാന്‍ തയ്യാറായില്ല.ഹര്‍ത്താല്‍ നിരോധന നിയമം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ തയ്യാറായാല്‍ ആദ്യം അഴിക്കുള്ളിലാവുക മന്ത്രി രമേശ് ചെന്നിത്തലയാകും. അവകാശ സമരങ്ങളെ തകര്‍ക്കാന്‍ അടിയന്തിരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന നിയമങ്ങള്‍ നടപ്പാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. യുഡിഎഫ് ശിഥിലമാകുന്നതിന്റെ തുടക്കമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടത്. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ പ്രവര്‍ത്തന വിലയിരുത്തലാകുമെന്ന നിലപാടില്‍ ഉമ്മന്‍ചാണ്ടി ഉറച്ച് നില്‍ക്കുന്നുണ്ടോയെന്നും കോടിയേരി ചോദിച്ചു.
ഒരേ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെ രണ്ട് നീതിയാണോയെന്ന കെ എം മാണിയുടെ ചോദ്യം യുഡിഎഫിനെ വേട്ടയാടും. ജെഡിയുവിലെ ഭൂരിപക്ഷം പ്രവര്‍ത്തകരും യുഡിഎഫ് ബന്ധം വിഛേദിക്കണമെന്ന നിലപാടിലാണ്. മലപ്പുറത്ത് മുസ്‌ലിം ലീഗ് കോണ്‍ഗ്രസിന് എതിരായി. തോല്‍വിയില്‍ മനംനൊന്ത് വയനാട് ഡിസിസി സെക്രട്ടറി ആത്മഹത്യ ചെയ്തു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാമെന്ന് പറഞ്ഞ് ആര്‍എസ്പിയെ വഞ്ചിച്ചെന്നും കോടിയേരി പറഞ്ഞു.
കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള ആര്‍എസ്എസ് പദ്ധതിയിലാണ് വെള്ളാപ്പള്ളി നടേശന്‍ അണിചേര്‍ന്നത്. നായാടി മുതല്‍ നമ്പൂതിരിവരെയുള്ള സമുദായ ഏകീകരണത്തിന്റെ പേരില്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ടയാണെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it