ആര്‍എസ്എസിന് ഇന്ത്യന്‍ ദേശീയതയുമായി ബന്ധമില്ല

കോട്ടയം: രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടിഷുകാരെ പിന്തുണച്ച ആര്‍എസ്എസിന് ഇന്ത്യന്‍ ദേശീയതയുമായോ സ്വാതന്ത്ര്യസമരവുമായോ ബന്ധമില്ലെന്ന് കവി സച്ചിദാനന്ദന്‍. സുവര്‍ണം- 2015 സാംസ്‌കാരികോല്‍സവത്തിന്റെ ഭാഗമായി കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ സംഘടിപ്പിച്ച 'വിലങ്ങണിഞ്ഞ സര്‍ഗാത്മകത' എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് ഫാഷിസം എന്നത് അധികാരമുപയോഗിച്ച് ജനങ്ങളെ നിശ്ശബ്ദരാക്കുകയായിരുന്നു. എന്നാല്‍, പുതിയകാലത്തെ ഫാഷിസം ജനാധിപത്യ അധികാരമുപയോഗിച്ച് ഭരണഘടനയെ നിശ്ശബ്ദമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വമാണ് ഇന്ന് ഏറ്റവും വെല്ലുവിളി നേരിടുന്നത്. നെഹ്‌റുവിനുശേഷം വന്ന ഭരണകൂടങ്ങള്‍ ഹിന്ദുത്വപ്രീണന നയങ്ങള്‍ സ്വീകരിക്കുന്നു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരെ അവഹേളിച്ചയാളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
കാലത്തിന്റെ ജീര്‍ണതകള്‍ക്കെതിരേ ചിന്തിക്കുന്നവര്‍ക്കും പ്രതികരിക്കുന്നവര്‍ക്കുമെതിരേ വാളുകള്‍ ഉയരുന്നതായി സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനീതിയെ എതിര്‍ക്കല്‍ എഴുത്തുകാരന്റെ ധര്‍മമാണ്. പുരസ്‌കാരനിഷേധം പുരസ്‌കാരങ്ങളോടുള്ള എതിര്‍പ്പല്ലെന്നും പെരുമ്പടവം കൂട്ടിച്ചേര്‍ത്തു.
അസഹിഷ്ണുതയ്‌ക്കെതിരേ പദവികളും പുരസ്‌കാരങ്ങളും തിരികെ കൊടുത്തല്ല പ്രതിഷേധിക്കേണ്ടതെന്ന് കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍ പറഞ്ഞു. രാജിവച്ചു പുറത്തുപോയാല്‍ നാം എതിര്‍ത്തവരുടെ വക്താക്കളെ തിരുകിക്കയറ്റും. അത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
യുക്തിബോധവും ജനാധിപത്യമൂല്യവും വളര്‍ത്തിയാവണം അസഹിഷ്ണുതയെ ചെറുക്കേണ്ടതെന്ന് നോവലിസ്റ്റ് ആനന്ദ് പറഞ്ഞു. എന്‍ എസ് മാധവന്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it