kozhikode local

ആര്‍എസ്എസിനെ അകറ്റിനിര്‍ത്തിയ പാരമ്പര്യമാണ് കേരളത്തിന്റേത്: വൃന്ദ കാരാട്ട്

വടകര: രാഷ്ട്രീയപരമായി ഏറെ പ്രബുദ്ധതയുള്ള സംസ്ഥാനമായ കേരളത്തിന് എന്നും ആര്‍എസ്എസിനെ അകറ്റി നിര്‍ത്തിയ പാരമ്പര്യമാണുള്ളതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്.
ഇടതുപക്ഷ പ്രവര്‍ത്തകരെ വിവിധ കേസുകളില്‍ കുടുക്കി വേട്ടയാടുന്ന രീതിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ കേരളത്തില്‍ വന്ന് വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയ തീവ്ര ഹിന്ദ്വത്വ വാദിയായ പ്രവീണ്‍ തെഗാഡിയക്കെതിരേ ഒരു കേസ് എടുക്കാന്‍ പോലും തയ്യാറായില്ലെന്നത് കോണ്‍ഗ്രസിന് ആര്‍എസിഎസിനോടുള്ള മൃദു സമീപനമാണെന്നും കാരാട്ട് അഭിപ്രായപ്പെട്ടു.
വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ നാണുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഓര്‍ക്കാട്ടേരിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
അധികാരത്തിലേറുന്നതിന് വേണ്ടി മാത്രം നിലകൊള്ളുന്ന കോലീബി സഖ്യം കേരളത്തില്‍ ഇനി വിലപോവില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ യുനൈറ്റഡ് ഡവലപ്‌മെന്റ് ഫോര്‍ ഫ്രോഡ് എന്നായി മാറിക്കഴിഞ്ഞിരിക്കുകയാണെന്ന് വൃന്ദ കുറ്റപ്പെടുത്തു. അഴിമതിയും കോണ്‍ഗ്രസും തമ്മില്‍ ദാമ്പത്യബന്ധം പോലെ ഇഴകിച്ചേര്‍ന്നിരിക്കുകയാണ്.
നരേന്ദ്ര മോദി കേരളത്തില്‍ വന്ന് ഗുജറാത്ത് മോഡല്‍ ആക്കുമെന്ന് പറഞ്ഞത് ഹിംസാത്മകമായ രിതീയിലാണോ കേരളത്തെ മാറ്റുന്നതെന്നും വൃന്ദ ചോദിച്ചു. ചടങ്ങില്‍ എ കെ കുഞ്ഞിക്കണാരന്‍ അധ്യക്ഷത വഹിച്ചു.
സ്ഥാനാര്‍ഥി സികെ നാണു, അഡ്വ. എംകെ പ്രേംനാഥ്, പി സതീദേവി, ആര്‍ ഗാപാലന്‍, ഇ എം ദയാനന്ദന്‍, ആര്‍ സത്യന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it