ആര്യ പ്രേംജി അന്തരിച്ചു

തിരുവനന്തപുരം: നമ്പൂതിരി സമുദായത്തിലെ വിധവാ വിവാഹത്തിലൂടെ ചരിത്രത്തിലിടം നേടിയ ആര്യ പ്രേംജി (99) അന്തരിച്ചു. നടനും സാമൂഹിക പരിഷ്‌കര്‍ത്താവും എഴുത്തുകാരനുമായ പ്രേംജിയുടെ ഭാര്യയാണ്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ അമ്പലമുക്കിലുള്ള വസതിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം.
സ്‌കൂള്‍ വിദ്യാഭ്യാസം പോലും ലഭിക്കാതെ കൗമാരത്തില്‍ വിവാഹിതയായ ആര്യ 15ാം വയസ്സില്‍ തന്നെ വിധവയായി. വിധവയെന്ന നിലയില്‍ വലിയ അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടിവന്ന ആര്യ പിന്നീട് മുപ്പതാം വയസ്സില്‍ പ്രേംജിയെ വിവാഹം കഴിച്ചു. വിധവാ വിവാഹം നിഷിദ്ധമായിരുന്ന നമ്പൂതിരി സമുദായത്തില്‍ ആര്യയുടെ പുനര്‍വിവാഹം വലിയ കോലാഹലങ്ങള്‍ക്കിടയാക്കി. അവര്‍ക്ക് സമുദായം ഭ്രഷ്ട് കല്‍പിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാടും വി ടി ഭട്ടതിരിപ്പാടുമടക്കം വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കും നമ്പൂതിരി സമുദായം ഭ്രഷ്ട് കല്‍പിച്ചിരുന്നു.
സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരേ വി ടി ഭട്ടതിരിപ്പാടും ഇ എം എസ് നമ്പൂതിരിപ്പാടും യോഗക്ഷേമസഭയിലൂടെ ശബ്ദിക്കുകയും വിധവകളെ വിവാഹം ചെയ്ത് വിപ്ലവം സൃഷ്ടിക്കുകയും ചെയ്തപ്പോള്‍ ആ മാതൃക പിന്തുടര്‍ന്നാണ് പ്രേംജി ആര്യയെ വിവാഹം കഴിച്ചത്.
സാമൂഹിക അസമത്വത്തിനെതിരേ പോരാടിയ ആര്യ 1964 മുതലുള്ള അഞ്ച് വര്‍ഷം തൃശൂര്‍ മുനിസിപ്പാലിറ്റിയില്‍ കൗണ്‍ സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്തരിച്ച നടന്‍ കെപിഎസി പ്രേമചന്ദ്രന്‍, മുതിര്‍ന്ന മാധ്യ മപ്രവര്‍ത്തകന്‍ നീലന്‍ അടക്കം അഞ്ചു മക്കളുണ്ട്. ആര്യയെകുറിച്ച് നീലന്‍ തയാറാക്കിയ അമ്മ എന്ന ഹ്രസ്വചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അന്തിമോപചാരം അര്‍പ്പിച്ചു.
Next Story

RELATED STORIES

Share it