ആര്യാടന്‍ കളിതുടങ്ങുന്നു; ഇനി കളത്തിനു പുറത്തിരുന്ന്

മുജീബ് പുള്ളിച്ചോല

മലപ്പുറം: തേക്കിന്റെയും തോക്കിന്റെയും ചരിത്രം പറയുന്ന മണ്ഡലമാണ് നിലമ്പൂര്‍. കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യവും അവസാനവുമായി ഒരു നിയമസഭാ സാമാജികന്‍ വെടിയേറ്റു മരിച്ച ചരിത്രവും ഈ മലയോര മണ്ഡലത്തിന് പറയാനുണ്ട്. ഈ ചരിത്രവും വര്‍ത്തമാനവും തുടങ്ങുന്നിടത്തു നിന്നാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ചാണക്യന്‍ ആര്യാടന്‍ മുഹമ്മദെന്ന നിലമ്പൂര്‍ക്കാരുടെ കുഞ്ഞാക്കയുടെ രാഷ്ട്രീയ ജീവിതവും അടയാളപ്പെടുത്തുന്നത്.
എട്ടു തവണ നിയമസഭയിലേക്ക് ടിക്കറ്റ് വാങ്ങി നാലു തവണ മന്ത്രിക്കുപ്പായവും സ്വന്തമാക്കിയ ആര്യാടന്‍ ഇക്കുറി സ്വന്തം മണ്ഡലത്തില്‍ പോരിനില്ല, നിലമ്പൂര്‍ മണ്ഡലത്തിന്റെ ബാറ്റണ്‍ മകന് കൈമാറി കളത്തിന് പുറത്തിരുന്നാണ് കുഞ്ഞാക്ക ഇക്കുറി തിരഞ്ഞെടുപ്പില്‍ പങ്കാളിയാവുക.
1965ല്‍ 30ാമത്തെ വയസ്സില്‍ ആദ്യമായി നിയമസഭയിലേക്ക് അങ്കത്തിനിറങ്ങി. സിപിഎമ്മിലെ സഖാവ് കുഞ്ഞാലി എതിര്‍ഭാഗത്ത്. ജയം കുഞ്ഞാലിയോടൊപ്പം നിന്നു. പിന്നീട് 67ല്‍ വീണ്ടും അങ്കത്തിനിറങ്ങി. കുഞ്ഞാലി തന്നെ എതിരാളി. വീണ്ടും തോറ്റു. 1969ല്‍ സഖാവ് കുഞ്ഞാലി വെടിയേറ്റു മരിച്ച കേസില്‍ ആരോപണ വിധേയനായതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും ചെറിയ ഇടവേള. 1977ലെ തിരഞ്ഞെടുപ്പ് വിജയത്തോടെ നിലമ്പൂരില്‍ ആര്യാടന്‍ യുഗത്തിന് തുടക്കമിട്ടു.
1979ല്‍ കോണ്‍ഗ്രസ്സിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് എ കെ ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുമൊപ്പം ആര്യാടന്‍ മുഹമ്മദ് ഇടതുപക്ഷത്തേക്ക് ചാഞ്ഞു. 1980ല്‍ പൊന്നാനി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ ജി എം ബനാത്ത്‌വാലയോട് പരാജയപ്പെട്ടു.
സഖാവ് കുഞ്ഞാലിയുടെ കൊലയാളിയെന്ന് ആര്യാടനെ വിളിച്ച നിലമ്പൂരിലെ സഖാക്കള്‍ തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിക്കെതിരേ ആര്യാടനെ വിജയിപ്പിച്ചു. പക്ഷേ, ആന്റണി കോണ്‍ഗ്രസ്സിന്റെ ഈ ഇടതുബന്ധത്തിന് ആയുസ്സില്ലായിരുന്നു. ആന്റണിക്കൊപ്പം ആര്യാടനും കോണ്‍ഗ്രസ്സിലെത്തി.
പിന്നീടു നടന്ന തിരഞ്ഞെടുപ്പിലൊന്നും ആര്യാടന്‍ തോല്‍വി രുചിച്ചിട്ടില്ല. 1987 മുതല്‍ തേക്കിന്റെ നാട് ആര്യാടനോടൊപ്പമാണ്. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള ഈ മലയോര മേഖലയെ അങ്ങിനെ ആര്യാടന്‍ മെരുക്കിയെടുത്തു. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ അവസാന വാക്കാണ് ഈ എണ്‍പതുകാരന്‍.
രാഷ്ട്രീയ നിലപാടില്‍ എന്നും കര്‍ക്കശക്കാരന്‍. മലപ്പുറത്തെ ലീഗ് കോട്ടയില്‍ കോണ്‍ഗ്രസ്സിന് ഇടം കണ്ടെത്തിക്കൊടുത്ത രാഷ്ട്രീയ തന്ത്രജ്ഞന്‍. കിട്ടുന്ന വേദികളിലെല്ലാം മുസ്‌ലിം ലീഗിനെ നിശിതമായി വിമര്‍ശിക്കുന്ന കുഞ്ഞാക്ക കോണ്‍ഗ്രസ്സുകാര്‍ക്ക് ഹരമാണ്.
മണ്ഡലം കുടുംബ സ്വത്താക്കി മകന്‍ ആര്യാടന്‍ ഷൗക്കത്തിന് പതിച്ചു നല്‍കിയെന്ന ആരോപണം അടുപ്പക്കാര്‍ തന്നെ ഉയര്‍ത്തുമ്പോഴും തന്റെ തട്ടകമായ നിലമ്പൂര്‍ ഉള്‍ക്കൊള്ളുന്ന ലോക്‌സഭാ മണ്ഡലമായ വയനാട്ടിലൂടെ അദ്ദേഹം ഡല്‍ഹിയിലേക്ക് ഒരു മുഴം മുന്നേ എറിയുകയാണ്. രാഷ്ട്രീയ ജീവിതത്തിന് റിട്ടയര്‍മെന്റ് ഇല്ല എന്നാണ് കുഞ്ഞാക്കയുടെ വയ്പ്.
Next Story

RELATED STORIES

Share it