ആര്യാടന്‍മാരുടെ നിലപാട് മുസ്‌ലിംകളെ അകറ്റുന്നു: സേവ് കോണ്‍ഗ്രസ് ഫോറം

മലപ്പുറം: മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും മകന്‍ ഷൗക്കത്തിന്റെയും നിലപാടുകള്‍ മുസ്‌ലിം സമുദായത്തെ കോണ്‍ഗ്രസ്സില്‍ നിന്ന് അകറ്റുകയാണെന്ന് സേവ് കോണ്‍ഗ്രസ് ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ എന്ന പേരില്‍ മന്ത്രി പദമടക്കമുള്ള സ്ഥാനമാനങ്ങള്‍ നേടിയെടുക്കുകയും പിന്നീട് മുസ്‌ലിം സമുദായത്തെ പൊതുവേദിയില്‍ ഇകഴ്ത്തിക്കാണിച്ച് കൈയടി നേടുകയുമാണ് ഇവരുടെ രീതി.
മുസ്‌ലിം സമുദായത്തിലെ മറ്റാരും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലേക്ക് വരാതിരിക്കാനുള്ള കുതന്ത്രങ്ങളാണ് ആര്യാടന്‍ മുഹമ്മദ് പയറ്റുന്നത്. മലപ്പുറത്ത് കൂടുതല്‍ സീറ്റ് ലീഗിനോട് ആവശ്യപ്പെടാതിരിക്കുന്നതുപോലും ഈ നിഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണ്. കഴിവുറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളരാന്‍ അനുവദിക്കാതെ ഡിസിസിയുടെ നിയന്ത്രണം കൈയടക്കിവച്ചിരിക്കുകയാണ് ആര്യാടന്‍ മുഹമ്മദ്. മൈനോരിറ്റി കോണ്‍ഗ്രസ് അടക്കമുള്ള പോഷക സംഘടനകളെ ഇല്ലാതാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. തനിക്കു ശേഷം മകന്‍ ഷൗക്കത്തിനെ വാഴിക്കുമെന്ന ഏകാധിപതിയുടെ നിലപാടാണ് ആര്യാടന്റേത്. ഇത് ജില്ലയിലെ കോണ്‍ഗ്രസ്സിനെ തകര്‍ക്കും.
[related]യുഡിഎഫ് സംവിധാനത്തെ തകര്‍ത്ത കൊണ്ടോട്ടിയിലേതടക്കമുള്ള സാമ്പാര്‍ മുന്നണിയെ താങ്ങി നിര്‍ത്തുന്നത് ആര്യാടനാണ്. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അത്തരക്കാരോട് സ്ഥാനം രാജിവച്ച് വന്നെങ്കിലേ കോണ്‍ഗ്രസ്സില്‍ അംഗത്വമുണ്ടാവുകയുള്ളൂ എന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍, അതിനെ തുരങ്കം വയ്ക്കുന്നത് ആര്യാടനാണ്. കെപിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ക്ക് വിലയില്ലാതായിരിക്കുന്നു. മുസ്‌ലിം സമുദായത്തെ പാര്‍ട്ടിയില്‍ നിന്നകറ്റി സാമുദായിക ധ്രുവീകരണമാണ് ആര്യാടന്‍ ഇക്കാലമത്രയും ചെയ്തത്. മകന്‍ ഷൗക്കത്തിനെപ്പോലെ ജൂനിയറായ ഒരാള്‍ക്ക് നിലമ്പൂര്‍ സീറ്റ് നല്‍കുന്നത് അപകടമാണുണ്ടാക്കുക.
മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തഴഞ്ഞുകൊണ്ടുള്ള തീരുമാനം പ്രത്യാഘാതങ്ങളുണ്ടാക്കും. സേവ് കോണ്‍ഗ്രസ് ഫോറം ജനറല്‍ കണ്‍വീനര്‍ കാപ്പില്‍ അഹമ്മദ് കുട്ടി നിലമ്പൂര്‍, ചെയര്‍മാന്‍ കെ എ മൊയ്തീന്‍ കുട്ടി കൊണ്ടോട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭയിലേക്ക് ആര്യാടന്‍ ഷൗക്കത്തിനെ മല്‍സരിപ്പിക്കരുതെന്നും അങ്ങിനെ ചെയ്താല്‍ സീറ്റ് നഷ്ടമായേക്കുമെന്നും വ്യക്തമാക്കി കെപിസിസി പ്രസിഡന്റിന് കത്തയച്ചിട്ടുണ്ടെന്നും സേവ് കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it