ആര്യാടന്റെയും ഷൗക്കത്തിന്റെയും രാഷ്ട്രീയ ഭാവി അവതാളത്തില്‍

സമീര്‍ കല്ലായി

മലപ്പുറം: സോളാര്‍ വിഷയത്തില്‍ കേസെടുക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ഏറെ കുരുക്കിലായത് മന്ത്രി ആര്യാടന്‍ മുഹമ്മദും മകന്‍ ഷൗക്കത്തും. നേരത്തെ തന്നെ ആര്യാടന്‍മാര്‍ക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും ഇത്ര ഗൗരവമുള്ളതായിരുന്നില്ല. സോളാര്‍ കേസില്‍ സരിതയെ പീഡിപ്പിച്ചവരുടെ ലിസ്റ്റില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പേരും ഉള്ളതായി മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. നേരത്തെ  വാര്‍ത്താസമ്മേളനം നടത്തവെ സരിതയുടെ കൈയിലുള്ള കത്ത് കാമറയില്‍ സൂം ചെയ്‌തെടുത്താണു മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നത്. ബിജു രാധാകൃഷ്ണനും വിഷയം ഉന്നയിച്ചിരുന്നു. എന്നാല്‍ തെളിവില്ലെന്ന വാദത്തില്‍ തട്ടി ഇത് എങ്ങുമെത്താതെപോവുകയായിരുന്നു. കഴിഞ്ഞദിവസം സരിതയുടെ വെളിപ്പെടുത്തലോടെ ആര്യാടന്‍മാരുടെ ഭാവിതന്നെയാണ് അവതാളത്തിലായിട്ടുള്ളത്. കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ രാജിവയ്ക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ആദ്യം മറുപടി പറയാതിരുന്ന ആര്യാടന്‍ മുഹമ്മദ് ഒടുവില്‍ ഉപ്പു തിന്നവരല്ലേ വെള്ളം കുടിക്കൂ എന്നു പറഞ്ഞൊഴിയുകയായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ നാറിയ കേസില്‍ സ്ഥാനം ഒഴിയേണ്ടിവരുമോ എന്ന ആശങ്ക പ്രകടമാക്കുന്നതായിരുന്നു ആര്യാടന്റെ വാക്കുകള്‍. ഇനി മല്‍സരിക്കാനില്ലെന്ന് ആര്യാടന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മകന്‍ ഷൗക്കത്തിനെ തന്റെ പ്രതാപകാലത്തുതന്നെ വാഴിക്കുക എന്ന ലക്ഷ്യംകൂടിയുണ്ട് ഈ തീരുമാനത്തിനു പിന്നില്‍. മുമ്പ് പലതവണ ആര്യാടന്‍ ഇങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിലും ഇത്തവണ ഷൗക്കത്തിനു വഴിമാറിക്കൊടുക്കുമെന്നു തന്നെയാണ് അണിയറ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. ഷൗക്കത്ത് ഇതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു.നിലമ്പൂരില്‍ പ്രത്യേക ഓഫിസ് തുറന്ന് ജനസമ്പര്‍ക്ക പരിപാടികളിലായിരുന്നു ഷൗക്കത്തിന്റെ ശ്രദ്ധ. ഇതിനായി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള പബ്ലിക് റിലേഷന്‍ ഓഫിസര്‍മാരെയും നിയമിച്ചു. ദേശീയ നേതാക്കളെ അടക്കം നിലമ്പൂരിലെത്തിക്കാനും ബന്ധം മെച്ചപ്പെടുത്താനും ശ്രമമുണ്ടായി. പുതിയ വെളിപ്പെടുത്തല്‍ ഷൗക്കത്തിന്റെ ഈ നീക്കങ്ങള്‍ക്കു തിരിച്ചടിയായിരിക്കുകയാണ്. നേരത്തെ നിലമ്പൂര്‍ രാധ വധക്കേസിലും  ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡോക്ടര്‍ ഷാനവാസിന്റെ മരണത്തിലും ഇവര്‍ക്കു പങ്കുള്ളതായി ആരോപണവുമുയര്‍ന്നിരുന്നു.

എന്നാല്‍ ഇതിനെയെല്ലാം മറികടന്ന ആര്യാടന്‍മാര്‍ പുതിയ വെളിപ്പെടുത്തലില്‍ പകച്ചുനില്‍ക്കുകയാണ്. ആരോപണത്തിന്റെ പാശ്ചാത്തലത്തില്‍ ഷൗക്കത്തിന് സീറ്റ് നിഷേധിക്കുമോ എന്ന ഭയപ്പാടിലാണിവര്‍. കെപിസിസി സെക്രട്ടറികൂടിയായ നാട്ടുകാരന്‍ വി വി പ്രകാശ് സീറ്റിനായി ശ്രമം നടത്തുന്നതും ഷൗക്കത്തിനു ഭീഷണിയാണ്. പിതാവിന്റെ പിന്തുണയോടെ ഇതു മറികടക്കാമെന്നു കരുതിയിരിക്കുമ്പോഴാണ് സരിത കൊടുങ്കാറ്റില്‍ ആര്യാടന്‍മാരുടെ കസേര ആടിയുലയുന്നത്.
Next Story

RELATED STORIES

Share it