Middlepiece

ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ അജണ്ട

പി അബ്ദുല്‍ നാസര്‍

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷാ അനുസ്മരണത്തോടെ കേന്ദ്ര സര്‍വകലാശാലകളിലെ വിദ്യാര്‍ഥിരാഷ്ട്രീയം വീണ്ടും സജീവ ചര്‍ച്ചയായിരിക്കുന്നു. രോഹിത് വെമുലയുടെ ആത്മഹത്യക്കു ശേഷം കലങ്ങിമറിഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം ജെഎന്‍യുവില്‍ ഉണ്ടായ സംഭവവികാസങ്ങളോടെ വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്.
ജെഎന്‍യുവില്‍ ഇന്ത്യാവിരുദ്ധ ചേരി ശക്തിപ്പെടുന്നുവെന്നാണ് ആരോപണം. ചില വിദ്യാര്‍ഥികള്‍ പാകിസ്താന്‍ അനുകൂല, ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നുള്ള പ്രചാരണം കൊടുത്തിരുന്നു. കാംപസിനു പുറത്തോ അകത്തോ ആവട്ടെ രാജ്യദ്രോഹ പ്രവര്‍ത്തനം നടന്നുവെങ്കില്‍ അത് ആരുടെ ഭാഗത്തുനിന്നാണോ എന്നു പരിശോധിക്കുകയും അവര്‍ക്കെതിരേ നടപടിയെടുക്കുകയുമാണു വേണ്ടത്. പകരം ഒരു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ പ്രതികരണശേഷിയെ ടാര്‍ജറ്റ് ചെയ്യാനാണ് ഭരണകൂട ശ്രമം നടക്കുന്നത്.
ആര്‍എസ്എസ് അനുകൂല ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്ന് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകരാണ് എന്ന കാര്യം പുറത്തുവന്നിട്ടുണ്ട്. ഇതോടെ സംഘപരിവാരത്തിന്റെ തിരക്കഥ പൊട്ടിത്തകരുകയാണ്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതിനെ ജെഎന്‍യുവിലെ ഉത്തരവാദപ്പെട്ട എല്ലാ വിദ്യാര്‍ഥി സംഘടനകളും അപലപിക്കുകയും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതു പരിഗണിക്കാതെയാണ് ജെഎന്‍യുവിലെ വിദ്യാര്‍ഥി ആക്ടിവിസത്തിനെതിരായ വലിയ തോതിലുള്ള പ്രചാരണം നടക്കുന്നത്.
പാക് അനുകൂല മുദ്രാവാക്യം വിളിച്ചതില്‍ ആക്ഷേപമുള്ളവര്‍ ഇനി മാര്‍ച്ച് നടത്തേണ്ടത് ആര്‍എസ്എസ് കാര്യാലയത്തിലേക്കും നരേന്ദ്ര മോദിയുടെ ആസ്ഥാനത്തേക്കുമാണ്. എബിവിപി നേതാക്കളെ തുറുങ്കിലടയ്ക്കാനാണ് സമരക്കാര്‍ ആവശ്യമുന്നയിക്കേണ്ടത്. ഇതിന്റെ പിറകിലെ അജണ്ട വളരെ വ്യക്തമാണ്. രോഹിത് വെമുലയുടെ വിഷയത്തില്‍ രാജ്യത്താകമാനം ഹിന്ദുത്വവിരുദ്ധ വികാരവും പ്രചാരണവും ശക്തിപ്പെട്ടിരുന്നു. സവര്‍ണ ദേശീയതയ്ക്ക് അടുത്തിടെയുണ്ടായ വലിയ പ്രതിസന്ധികളിലൊന്നാണ് രോഹിതിന്റെ ആത്മഹത്യ. രാജ്യത്താകമാനം ആര്‍എസ്എസ് നിലപാടും ജാതി മേല്‍ക്കോയ്മയും ചോദ്യംചെയ്യപ്പെട്ടു.
ഈ പ്രതിസന്ധിയില്‍ നിന്ന് ഒളിച്ചോടാനാണ് ഈ വിവാദം ഉയര്‍ത്തിയതെന്നാണ് അന്തര്‍നാടകങ്ങള്‍ വ്യക്തമാക്കുന്നത്. മറ്റൊന്ന് ഇന്ത്യയിലെ കേന്ദ്ര സര്‍വകലാശാലകളില്‍ വിശേഷിച്ചും ജെഎന്‍യുവില്‍ നിലനില്‍ക്കുന്ന ഫാഷിസ്റ്റ്‌വിരുദ്ധ ആക്ടിവിസത്തെ തകര്‍ക്കുക എന്നുള്ളതാണ്. ജെഎന്‍യുവിലെ വിദ്യാര്‍ഥി പ്രവര്‍ത്തനം പൊതുവെ ഹിന്ദുത്വ വിരുദ്ധമാണ്. ഭരണകൂട ഭീകരതയ്ക്കും അതിക്രമങ്ങള്‍ക്കുമെതിരേ ജാതി-മത പരിഗണനകളില്ലാതെ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങുന്ന കാഴ്ച ജെഎന്‍യുവില്‍ കാണാം.
അതുകൊണ്ടാണ് ഭരണകൂടത്തിന്റെ നിക്ഷിപ്ത താല്‍പര്യത്തിനു വിരുദ്ധമായി അഫ്‌സല്‍ ഗുരുവും യാക്കൂബ് മേമനുമൊക്കെ ജെഎന്‍യുവില്‍ അനുസ്മരിക്കപ്പെടുന്നത്. ഹിന്ദുത്വ ദേശീയതയ്ക്ക് ഹിതകരമല്ലാത്തത് ഓര്‍മിക്കുന്നത് ക്രിമിനല്‍ കുറ്റമായി ചിത്രീകരിക്കുന്നത് അതുകൊണ്ടാണ്. ഹിന്ദുത്വരെ അലോസരപ്പെടുത്തിയത് അഫ്‌സല്‍ ഗുരുവിനെ അനുസ്മരിച്ചുവെന്നതാണ്. അത് വിഷയമായി ഉയര്‍ത്തുന്നതിനു പകരം ആസൂത്രിതമായി ഇന്ത്യാവിരുദ്ധ മുദ്രാവാക്യത്തിന്റെ പ്രചാരണം അഴിച്ചുവിട്ടു.
മതിയായ കാരണങ്ങളില്ലാതെ, പൊതുസമൂഹത്തെ തൃപ്തപ്പെടുത്താന്‍ വേണ്ടിയാണ് ഗുരുവിനെ തൂക്കിലേറ്റിയതെന്ന് തെളിവുകള്‍ നിരത്തി പല പത്രപ്രവര്‍ത്തകരും അഭിഭാഷകരും ആക്ടിവിസ്റ്റുകളും അഭിപ്രായപ്പെട്ടിരുന്നു. സുപ്രിംകോടതി തന്നെ വധശിക്ഷ സ്ഥിരപ്പെടുത്തിയത് വിചിത്രമായ ആ വാദമുന്നയിച്ചാണ.് പക്ഷേ, ഗുരുവിനെ അനുസ്മരിക്കുന്നത് കാംപസുകളിലാവുമ്പോള്‍ രാജ്യദ്രോഹമാവുന്നതിന്റെ യുക്തി വിചിത്രമാവുന്നു.
രാജ്യദ്രോഹം വിഷയമായി എടുക്കുകയാണെങ്കില്‍ പ്രതിസ്ഥാനത്ത് ഒന്നാമതായി നില്‍ക്കുന്നത് ബിജെപിയാണ്. അസമില്‍ നിരോധിത സംഘടനയായ എന്‍ഡിഎഫ്ബിയുമായി ഉറ്റ ചങ്ങാത്തമുള്ളത് ബിജെപി നേതാവായ ബാബാദേവ് സോഗ്ബിജിതിനാണ്. എന്‍ഡിഎഫ്ബി നേതാക്കള്‍ക്കൊപ്പം അസമിലും അരുണാചല്‍പ്രദേശിലും പല യോഗങ്ങളിലും ദേവ് പങ്കെടുത്തതായും ടെലഗ്രാഫ് പത്രം ഈയിടെ റിപോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യ ഭീകരപട്ടികയില്‍ പെടുത്തിയിരുന്ന എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ പിറന്നാള്‍ ആഘോഷിച്ച് മധുരവിതരണം നടത്തിയ വൈക്കോ, ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും സഖ്യകക്ഷിയായിരുന്നിട്ടുണ്ട്. വൈക്കോയെ രാജ്യദ്രോഹിയാക്കാന്‍ ആരും ഇതേവരെ മുന്നോട്ടുവന്നിട്ടില്ല. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോദ്‌സെയെ ദേശസ്‌നേഹിയായി ചിത്രീകരിച്ച ബിജെപി എംപി സാക്ഷി മഹാരാജിന്റെ പ്രസ്താവനയില്‍ ആര്‍ക്കും പരാതിയുണ്ടായില്ല. ജെഎന്‍യുവില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നു വിലപിച്ച് പരാതി പറഞ്ഞ മഹേഷ് ഗിരിയുടെ തൊട്ടടുത്താണ് പാര്‍ലമെന്റില്‍ മഹാരാജിന്റെ സ്ഥാനം. മഹേഷ് ഗിരിക്കും ഈ വിഷയത്തില്‍ ഒരു പരാതിയുമില്ല.
സംഘപരിവാരത്തിന്റെ ദേശസ്‌നേഹത്തിന്റെ ഉള്ളറകള്‍ പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ കാണാനാവും. അതിലൊന്നും കാണാത്ത ദേശദ്രോഹം അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ പരിപാടിയില്‍ ഉണ്ടാവുന്നുവെന്നത് ഭരണകൂടത്തിന്റെ ഹിന്ദുത്വ താല്‍പര്യങ്ങള്‍ക്കെതിരാവുന്നു എന്നതുകൊണ്ടാണ്. ജെഎന്‍യുവില്‍ ദേശദ്രോഹം തിരയുന്നവര്‍ക്കും അതിനെ നിശ്ശബ്ദമായി പിന്തുണയ്ക്കുന്നവര്‍ക്കും മേല്‍ സംഭവങ്ങളില്‍ നിലപാടെടുക്കാന്‍ വിയര്‍ക്കേണ്ടിവരും. കാരണം, അതൊക്കെ ഫാഷിസ്റ്റ് അധികാര സ്ഥാപനത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടുള്ളതാണ്. ഭരണകൂടം നിര്‍മിച്ചുനല്‍കുന്ന തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും അപ്പുറത്തേക്ക് ജനങ്ങളുടെ ജാഗ്രത വേണ്ടതില്ലെന്നാണ് ജെഎന്‍യു വിഷയം നല്‍കുന്ന സന്ദേശം.

(കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യദേശീയ പ്രസിഡന്റാണ് ലേഖകന്‍.) 
Next Story

RELATED STORIES

Share it