ആരോപണങ്ങള്‍ ജലരേഖയായി ജനപ്രിയ പദ്ധതികളിലൂന്നി മമതയുടെതേരോട്ടം

കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ വികസന വാഗ്ദാനങ്ങളും സാധാരണക്കാര്‍ക്കു വേണ്ടിയുള്ള പദ്ധതികളുമാണ് പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ വീണ്ടും അധികാരത്തിലേറ്റിയതെന്ന് നിരീക്ഷകര്‍ കരുതുന്നു. സിപിഎം-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാരിനെതിരേ ഉയര്‍ത്തിയ ആരോപണങ്ങളൊന്നും വോട്ടര്‍മാരില്‍ ഏശിയില്ല. സഖ്യമില്ലാതെ തനിച്ചാണ് തൃണമൂല്‍ മല്‍സരിച്ചത്. എന്നിട്ടും പാര്‍ട്ടിയുടെ വോട്ട് ശതമാനം കൂടി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും കിട്ടിയതിനെക്കാള്‍ വോട്ടുകള്‍ ഇത്തവണ കിട്ടി. ഇത്തവണ ആകെ പോള്‍ ചെയ്ത വോട്ടില്‍ 44.9 ശതമാനം തൃണമൂലിനു ലഭിച്ചു. 2011ല്‍ 39 ശതമാനവും 2014ല്‍ 39.03 ശതമാനവും വോട്ടുകളായിരുന്നു പാര്‍ട്ടിക്കു ലഭിച്ചത്. ശാരദ-നാരദ അഴിമതി ആരോപണങ്ങളും വിവേകാനന്ദ മേല്‍പ്പാലം തകര്‍ന്നുവീണതും വോട്ടര്‍മാരെ സ്വാധീനിച്ചില്ല. തൃണമൂലിനെതിരേ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പോലും സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിനായില്ല. സിപിഎമ്മിന്റെ വോട്ട് ശതമാനം 2011ല്‍ 29.58 ശതമാനമായിരുന്നു. ഇത്തവണ അത് 19.7 ശതമാനമായി കുറഞ്ഞു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 23 ശതമാനം വോട്ട് ലഭിച്ചിരുന്നു. ഇത്തവണ 26 സീറ്റാണ് പാര്‍ട്ടിക്കു ലഭിച്ചത്. സഖ്യകക്ഷികളായ ആര്‍എസ്പിക്ക് മൂന്നു സീറ്റും ഫോര്‍വേഡ് ബ്ലോക്കിന് രണ്ടും സിപിഐക്ക് ഒരു സീറ്റും ലഭിച്ചു. ഇടതുപക്ഷ കക്ഷികളുടെ സംയുക്ത വോട്ട് 41 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി കുറഞ്ഞു. 2011ല്‍ ഇടതുമുന്നണി 62 സീറ്റ് നേടിയിരുന്നു. അന്ന് സിപിഎമ്മിന് 40 സീറ്റ് കിട്ടി. എന്നാല്‍, കോണ്‍ഗ്രസ്സിന്റെ വോട്ട് ശതമാനം ഇത്തവണ കൂടി.  2011ല്‍ 9.9 ശതമാനം വോട്ടാണ് പാര്‍ട്ടിക്കു ലഭിച്ചത്. ഇത്തവണ 12.3 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 9.6 ശതമാനം വോട്ടായിരുന്നു കോണ്‍ഗ്രസ്സിനു ലഭിച്ചത്. ബിജെപിയുടെ വോട്ട് ശതമാനം ഇത്തവണ കുറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 17 ശതമാനത്തോളം വോട്ട് കിട്ടിയിരുന്നു. എന്നാല്‍, ഇത്തവണ 10 ശതമാനം വോട്ടുകളാണു ലഭിച്ചത്. ബിജെപിക്ക് മൂന്ന് സീറ്റ് കിട്ടിയിട്ടുണ്ട്. തൃണമൂലിന്റെ ചില സ്ഥാനാര്‍ഥികള്‍ ലക്ഷത്തിലേറെ ഭൂരിപക്ഷത്തിനാണു ജയിച്ചത്.
Next Story

RELATED STORIES

Share it