kozhikode local

ആരോപണങ്ങള്‍ ഇടതു സ്ഥാനാര്‍ഥി ശരിവയ്ക്കുന്നു: യുഡിഎഫ്

വടകര: കുറ്റിയാടി മണ്ഡലത്തിലെ വികസന പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ ഒന്നും ചെയ്തില്ലെന്ന യുഡിഎഫിന്റെ വാദം ശരിയാണെന്ന് തെളിയിക്കുന്നതാണ് സ്ഥലം എംഎല്‍എ ആയ ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ പ്രസ്താവനകളെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒരു സഹായവും ചെയ്തില്ലെന്നാണ് എംഎല്‍എ പറയുന്നത്. എന്നാല്‍ കേരളത്തിലെ ഒരു ഇടതുമുന്നണി എംഎല്‍എയും ഉന്നയിക്കാത്ത ആരോപണമാണ് ഇത്. രാഷ്ട്രീയ കക്ഷിഭേദമന്യേ എല്ലാ മണ്ഡലങ്ങളിലും വികസനമെത്തിക്കാന്‍ പ്രയത്‌നിച്ച സര്‍ക്കാരാണ് യുഡിഎഫിന്റെത്.
സര്‍ക്കാരില്‍ മണ്ഡലത്തിനു വേണ്ട ആവശ്യങ്ങള്‍ ഉന്നയിച്ച് നേടിയെടുക്കാനോ ശ്രമിക്കാത്ത എംഎല്‍എ കഴിഞ്ഞ അഞ്ചുവര്‍ഷവും രാഷ്ട്രീയം കളിച്ച് നടക്കുകയായിരുന്നെന്നും കമ്മിറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. മണ്ഡലത്തിലെ പ്രശ്‌നങ്ങളോ കാര്‍ഷിക സമൃദ്ധമായ കുറ്റിയാടിയിലെ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന ഒരു പദ്ധതി രൂപരേഖയോ സംസ്ഥാന സര്‍ക്കാറിന്റെ മുന്നില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വെക്കാന്‍ എംഎല്‍എക്കു കഴിഞ്ഞിട്ടില്ല. ഏതെങ്കിലുമൊരു പദ്ധതി സര്‍ക്കാരില്‍ സമര്‍പ്പിച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ എംഎല്‍എയെ വെല്ലുവിളിക്കുകയാണ്.
കഴിഞ്ഞ അഞ്ചുവര്‍ഷം യു ഡിഎഫ് സര്‍ക്കാര്‍ മണ്ഡലത്തിനായി ഒന്നും ചെയ്തില്ലെന്നു പറയുന്ന കെ കെ ലതിക അതിനു മുമ്പത്തെ അഞ്ചുവര്‍ഷം എല്‍ ഡിഎഫ് സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ മണ്ഡലത്തിനുവേണ്ടി എന്തുചെയ്‌തെന്നു പറയുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കുറ്റിയാടി മണ്ഢലത്തില്‍ ഒന്നും ചെയ്യാത്ത എംഎല്‍എ സ്വന്തം കഴിവുകേടുകള്‍ മറച്ചുവെക്കാ ന്‍ സര്‍ക്കാരിന്റെ മേല്‍ പഴിചാരുകയാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് കുറ്റിയാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രക്ഷാധികാരി കടമേരി ബാലകൃഷ്ണന്‍, ചെയര്‍മാന്‍ വി എം ചന്ദ്രന്‍,ജനറല്‍ കണ്‍വീനര്‍ പി എം അബൂബക്കര്‍, ട്രഷറര്‍ കെ എം ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it