ആരോപണങ്ങള്‍ക്ക്മറുപടിയുമായി വീണ ജോര്‍ജ്‌

പത്തനംതിട്ട: ആറന്മുള സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മാധ്യമ പ്രവര്‍ത്തക വീണ ജോര്‍ജ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ നിലപാട് വീണ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേര് ഉള്‍പ്പെട്ട വാര്‍ത്തകളോടുള്ള ചില പ്രതികരണങ്ങളും വിലയിരുത്തലുകളും നിന്ദ്യവും ചെറുക്കപ്പെടേണ്ടതും ആണെന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. വര്‍ഗീയ ശക്തികളോട് ശക്തമായ നിലപാട് സ്വീകരിക്കുകയും വര്‍ഗീയ ധ്രുവീകരണത്തിനെതിരേ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തന്നെ ഒരു പ്രത്യേക മത വിഭാഗത്തിന്റെ പ്രതിനിധിയായി വിലയിരുത്തുന്നതിനെ എതിര്‍ക്കുന്നതായും അവര്‍ വ്യക്തമാക്കുന്നു. എന്തടിസ്ഥാനത്തിലാണ് ഇത്തരം വിലയിരുത്തലുകള്‍ നടത്തുന്നതെന്നും വീണ ചോദിക്കുന്നു. 15 വര്‍ഷം മാധ്യമ പ്രവര്‍ത്തനം നടത്തിയത് ഏതെങ്കിലുമൊരു മതത്തിന്റെ പ്രതിനിധിയായല്ല. സീറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കടുത്ത സ്ത്രീവിരുദ്ധതയെ തുടര്‍ന്നാണ്. ഒരു സ്ത്രീക്ക് ലഭിക്കുന്ന പരിഗണന അവളുടെ കുടുംബാംഗങ്ങളുടെ പ്രവര്‍ത്തന മേഖലയിലെ സ്വാധീനം കൊണ്ടാണെന്ന്  വരുത്തിതീര്‍ക്കുന്നത് സ്ത്രീവിരുദ്ധ—തയാണ്. വിദ്യാഭ്യാസകാലം മുതല്‍ക്കേ ഇടതുപക്ഷ സഹയാത്രികയാണെന്ന് വ്യക്തമാക്കിയ വീണ അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് തന്നെ തളര്‍ത്താന്‍ ആവില്ലെന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ജില്ലയിലെ പ്രമുഖ നേതാക്കന്മാരെ വെട്ടിനിരത്തി വീണ ആറന്മുള സ്ഥാനാര്‍ഥിയായത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കന്മാരുടെയും ഓര്‍ത്തഡോക്‌സ് സഭയുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് സ്ഥാനാര്‍ഥി നിര്‍ണയ വാര്‍ത്ത പുറത്തു വന്നതുമുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. സഭാ സെക്രട്ടറിയായ ഭര്‍ത്താവാണ് സഭയിലും പുറത്തും സീറ്റിനായി ചരടുവലിച്ചതെന്ന ആക്ഷേപത്തിനടക്കം മറുപടിയായാണ് പോസ്റ്റ്.
Next Story

RELATED STORIES

Share it