ആരോപണങ്ങളുടെ മുനയൊടിഞ്ഞെന്ന് ചെന്നിത്തല;പോലിസിന് പൊന്‍തൂവല്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: ജിഷ വധക്കേസിലെ പ്രതിയെ പിടികൂടിയ പോലിസ് സംഘത്തിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകിയെ കണ്ടെത്താനായത് അന്വേഷണസംഘത്തിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ ചാര്‍ത്തുന്ന നടപടിയാണ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം കാത്തിരിക്കുന്ന വാര്‍ത്ത തന്നെയാണിത്. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് പൂര്‍ണമായും ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ബുധനാഴ്ച മുതല്‍ പ്രതി പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു. സ്വഭാവികമായും അധികം വൈകാതെ പോലിസ് ഉദ്യോഗസ്ഥരില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. കേരള പോലിസിന് അഭിമാനകരമായ നേട്ടമാണുണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പോലിസിനെ അഭിനന്ദിച്ച് രംഗത്തെത്തി. കൊലപാതകിയെ കണ്ടെത്താനായതോടെ ആദ്യം മുതല്‍ പോലിസെടുത്ത നടപടി ശരിയായിരുന്നുവെന്ന് തെളിഞ്ഞു. മുന്‍സര്‍ക്കാരിന്റെ കാലത്ത് അന്വേഷണസംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. അന്വേഷണം നടക്കുമ്പോള്‍ ചിലപ്പോള്‍ വേഗത്തില്‍ പ്രതിയെ കണ്ടെത്താന്‍ സാധിക്കും, ചിലപ്പോള്‍ വൈകും. ജിഷയുടെ കൊലപാതകം നടന്നപ്പോള്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന ആരോപണമാണ് ഉയര്‍ന്നത്. എന്നാല്‍, അന്നു ശേഖരിച്ച തെളിവുകളാണ് ഇന്ന് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. സംഭവസ്ഥലത്തുനിന്നു ചെരിപ്പ് കണ്ടെത്തിയപ്പോള്‍ ചെരിപ്പും തൂക്കി നടക്കുകയാണെന്ന് പലരും കളിയാക്കി. ഇന്ന് ആ ചെരിപ്പു തന്നെയാണ് കേസിന് തുമ്പുണ്ടാക്കിയത്. തെളിവുകള്‍ നശിപ്പിച്ചു, പോലിസിന്റെ ആദ്യത്തെ അന്വേഷണം തെറ്റാണ് തുടങ്ങിയ വാദമുഖങ്ങളുടെ മുനയൊടിഞ്ഞിരിക്കുന്നു. എത്ര അഴിയാത്ത കേസുകളും അഴിക്കാന്‍ കഴിയുന്ന സാമര്‍ഥ്യമുള്ള പോലിസാണ് കേരളത്തിലേത്. മുന്‍ ആഭ്യന്തരമന്ത്രിയെന്ന നിലയിലും പോലിസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ആ കാലഘട്ടത്തില്‍ അനാവശ്യമായി വിവാദമുണ്ടാക്കുകയും കേസ് തേച്ചുമാച്ച് കളയാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമുയരുകയും ചെയ്തിരുന്നു. ഇതൊക്കെ തെറ്റാണെന്ന് തെളിഞ്ഞു. പ്രതിയെ കണ്ടെത്താനായതില്‍ അതീവ സന്തോഷമുണ്ട്. കേരള പോലിസിന്റെ സാമര്‍ഥ്യത്തിലൂടെ പ്രതിയെ പിടികൂടാന്‍ സാധിക്കുമെന്നാണ് ഇതിലൂടെ തെളിഞ്ഞത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ കേസ് തെളിയിക്കാന്‍ കഴിയാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ശാസ്ത്രീയതെളിവുകള്‍ കോടതിയില്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കാന്‍ പര്യാപ്തമാണ്. ജിഷ വധക്കേസിലെ പ്രതികള്‍ക്ക് യുഡിഎഫുമായി ബന്ധമുണ്ടെന്നും അതുകൊണ്ടാണ് തെളിവുകള്‍ പോലിസ് ശേഖരിക്കാത്തതെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പ്രസംഗിച്ചുനടന്നവര്‍ ജനങ്ങളോട് മാപ്പുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it