ആരോപണം നിഷേധിച്ച് ടെന്നി ജോപ്പന്‍; മുഖ്യമന്ത്രിയുടെ ഓഫിസില്‍ ശ്രീധരനും സരിതയ്ക്കുമൊപ്പം ഉണ്ടായിരുന്നില്ല

കൊച്ചി: സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ 2012 ജൂലൈ 9 ന് മല്ലേലില്‍ ശ്രീധരനും സരിത എസ് നായര്‍ക്കുമൊപ്പം താനും ഉണ്ടായിരുന്നുവെന്ന എഡിജിപി എ ഹേമചന്ദ്രന്റെ മൊഴി തെറ്റെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്‍ സോളാര്‍ തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ച—ന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.
നിയമസഭാ മന്ദിരത്തില്‍വച്ച് സരിതയോടൊപ്പം തന്നെ കണ്ടുവെന്ന നിയമസഭയിലെ വനിതാ സെക്യൂരിറ്റി അംഗം നസീനാ ബീഗം കമ്മീഷനില്‍ നല്‍കിയ മൊഴിയും ടെന്നി ജോപ്പന്‍ നിഷേധിച്ചു. താന്‍ നിയമസഭാ മന്ദിരത്തില്‍ വച്ച് ലക്ഷ്മി നായരെന്ന സരിതയെ കണ്ടിട്ടില്ലെന്നും ജോപ്പന്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. ആര്‍ ബി നായരെന്ന ബിജു രാധാകൃഷ്ണനെ തനിക്ക് നേരിട്ട് അറിയില്ല. താന്‍ സരിത എസ് നായരുമായി നിരവധി തവണ ഫോണില്‍ വിളിച്ചിട്ടുണ്ട്. എന്നാല്‍ എത്ര തവണയാണ് സംസാരിച്ചിട്ടുള്ളതെന്ന് ഓര്‍ക്കുന്നില്ലെന്നും ജോപ്പന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. താന്‍ ആകെ മൂന്ന് പ്രാവശ്യം മാത്രമേ സരിതാ നായരെ നേരിട്ട് കണ്ടിരുന്നുള്ളൂ. 2011 അവസാനത്തോടെയാണ് ടീം സോളാര്‍ കമ്പനിയില്‍ നിന്നും ലക്ഷ്മി നായരെന്ന പേരില്‍ സരിത തന്റെ മൊബൈല്‍ഫോണില്‍ വിളിച്ചത്. മുഖ്യമന്ത്രിയുമായി ഒരു അപ്പോയിന്‍മെന്റ് വേണെമെന്നും സരിത ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി പണം നല്‍കാനാണും തന്നോട് അവര്‍ പറഞ്ഞിരുന്നു. ഈ വിവരം മുഖ്യമന്ത്രിയെ അറിയിക്കുകയും അതുപ്രകാരം പിറ്റേദിവസം രാവിലെ ഒന്‍പത് മണിക്ക് കാണാന്‍ മുഖ്യമന്ത്രി അപ്പോയിന്‍മെന്റ് നല്‍കിയിരുന്നു. എം ഐ ഷാനവാസ് എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണ് തന്റെ നമ്പര്‍ സരിതയ്ക്ക് നല്‍കിയതെന്ന് അവരില്‍ നിന്നറിഞ്ഞു.
ടീം സോളാര്‍ കമ്പനിയിലെ എംഡിയാണെന്നാണ് സരിത അന്ന് സ്വയം പരിചയപ്പെടുത്തിയത്. ഭാര്യയുടെ ചികില്‍സക്കായി തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ആയിരുന്നപ്പോള്‍ അവിടെ വച്ച് സരിതയെ വീണ്ടും കണ്ടിരുന്നു. തനിക്ക് ഓര്‍മയില്ലാതിരുന്നതിനാല്‍ സരിത ഇങ്ങോട്ടു പരിചയപ്പെടുത്തുകയായിരുന്നു. അവര്‍ തന്റെ ഭാര്യയെ ആശുപത്രി മുറിയില്‍ വന്നു കണ്ടിരുന്നു. തന്റെ ഭാര്യ സരിതയോട് വിശേഷങ്ങള്‍ തിരക്കിയപ്പോള്‍ ഒരു മകളുണ്ടെന്നും ഭര്‍ത്താവ് ബിജു വിദേശത്താണെന്നും പറഞ്ഞു. വീണ്ടുമൊരു തവണ കൂടി അ
തേ ആശുപത്രിയില്‍ വച്ച് കണ്ടിരുന്നൂ. അതിനുശേഷവും നിരവധി തവണ ഫോണില്‍ താനും ഭാര്യയും സരിതയുമായി സംസാരിച്ചിട്ടുണ്ടെന്നും ജോപ്പന്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കി. സോളാര്‍ വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ താന്‍ 2013 ജൂണ്‍ 13ന് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗത്വം രാജി വച്ചിരുന്നുവെന്നും ജോപ്പന്‍ മൊഴി നല്‍കി. ജോപ്പന്റെ തുടര്‍ വിസ്താരം ഫെബ്രുവരി ആദ്യവാരത്തില്‍ നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it