ആരോപണം തള്ളി വി എസ്

മൂന്നാര്‍ സമരം നയിച്ചത് തമിഴ് തീവ്രവാദ സംഘടനയെന്ന്  സി.ഐ.ടി.യു. നേതാവ്
സ്വന്തം പ്രതിനിധി
കണ്ണൂര്‍/കാട്ടാക്കട: മൂന്നാര്‍ സമരത്തിനു പിന്നില്‍ തമിഴ് തീവ്രവാദ സംഘടനയാണെന്നു സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറിയും സി.പി.എം. സംസ്ഥാന സമിതിയംഗവുമായ കെ പി സഹദേവന്‍. എന്നാല്‍ പ്രസ്താവനയ്‌ക്കെതിരേ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. സമരത്തില്‍ തീവ്രവാദികളുടെ പങ്കുണ്ടെന്ന് ട്രേഡ് യൂനിയന്‍ നേതാക്കന്മാരാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അവരുടെ ജാള്യത മറയ്ക്കാന്‍ വേണ്ടിയാണെന്ന് വി എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൂന്നാറിലേത് തൊഴിലാളികള്‍ പൊരുതി നേടിയ വിജയമാണ്.

ഭര്‍ത്താക്കന്മാരുടെ പിന്തുണ പോലും ഇല്ലാതെയാണ് അവര്‍ സമരം ചെയ്തത്. സമരക്കാരുടെ ഭാഗത്തുനിന്നു നല്ല സ്വീകരണമാണ് തനിക്കു ലഭിച്ചത്. ട്രേഡ് യൂനിയന്‍ നേതാക്കളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി സമരക്കാര്‍ തന്നോട് പറഞ്ഞു. അവരില്‍ പലരും ടാറ്റയില്‍ നിന്നു പണം വാങ്ങി ബംഗ്ലാവുകളില്‍ താമസിക്കുന്നതായും തൊഴിലാളി സ്ത്രീകള്‍ അറിയിച്ചതായി വി എസ് പറഞ്ഞു.പരാമര്‍ശം വിവാദമായതോടെ പാര്‍ട്ടി ഇടപെട്ടതിനെത്തുടര്‍ന്ന് സഹദേവന്‍ മണിക്കൂറുകള്‍ക്കകം ഖേദപ്രകടനം നടത്തി.

ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂരില്‍ എല്‍.ഡി.എഫ്. ജില്ലാ കമ്മിറ്റി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ കൂടിയായ കെ പി സഹദേവന്‍ വിവാദ പരാമര്‍ശം നടത്തിയത്. മൂന്നാര്‍ സമരത്തിനു പിന്നില്‍ തമിഴ്‌നാട്ടിലെ തീവ്രവാദ സംഘടനയാണ്. മാവോവാദികളെന്നു പറയാനാവില്ല. സമരത്തെക്കുറിച്ചു ഗൗരവമായി അന്വേഷിക്കണം. ഏതെങ്കിലുമൊരു വിഭാഗത്തിനു പെട്ടെന്ന് ഈ വിധത്തില്‍ സംഘടിക്കാനാവില്ല. സമരക്കാര്‍ നിരന്തരം മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.

പ്രത്യേക നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരക്കാര്‍ ഓരോ ഘട്ടത്തിലും പ്രവര്‍ത്തിച്ചത്. ഇതു തെളിയിക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്. ആറായിരവും ഏഴായിരവും തൊഴിലാളികള്‍ പൊടുന്നനെ സമരത്തിനിറങ്ങിയപ്പോള്‍ അവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ഗൗരവമായി അന്വേഷിക്കണം.

എങ്ങനെ പെരുമാറണമെന്നുവരെ സമരക്കാര്‍ക്ക് കൃത്യമായ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. വ്യവസ്ഥാപിത തൊഴിലാളി യൂനിയനുകളെ വേണ്ടെന്നു വരുത്താനുള്ള ശ്രമങ്ങളാണ് നടന്നത്. പോലിസിലെ രഹസ്യാന്വേഷണ വിഭാഗത്തിനും തമിഴ് സംഘടനയുടെ ഇടപെടലിനെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആരോപണം വാര്‍ത്താ ചാനലുകളിലൂടെ പുറത്തുവന്നതോടെ സി.ഐ.ടി.യു. നേതൃത്വവും സി.പി.എം. നേതൃത്വവും പരാമര്‍ശം തള്ളിപ്പറഞ്ഞു. ഇതോടെയാണ് കെ പി സഹദേവന്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയത്. ഉച്ചയ്ക്ക് 2.45ഓടെ സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഇ-മെയിലില്‍ നിന്നാണ് കെ പി സഹദേവന്റെ ഖേദം പ്രകടിപ്പിച്ചുള്ള പ്രസ്താവന മാധ്യമങ്ങള്‍ക്കു ലഭിച്ചത്. തെറ്റിദ്ധാരണയുണ്ടായതില്‍ ഖേദിക്കുന്നുവെന്നും സി.ഐ.ടി.യു. എന്നും തൊഴിലാളിസമരത്തോടൊപ്പം ഉറച്ചുനിന്ന പ്രസ്ഥാനമാണെന്നും പ്രസ്താവനയില്‍ വിശദീകരിച്ചു.
Next Story

RELATED STORIES

Share it