thrissur local

ആരോഗ്യ ഭീഷണിയുയര്‍ത്തുന്ന പലഹാര വസ്തുക്കളുടെ വില്‍പ്പന വ്യാപകം

ചാവക്കാട്: ഹോട്ടലുകളും തട്ടുകടകളും ബേക്കറികളും കേന്ദ്രീകരിച്ച് ആരോഗ്യ ഭീഷണിയുയര്‍ത്തുന്ന പലഹാര വസ്തുക്കളുടെ വില്‍പ്പന വ്യാപകം. ഉഴുന്നിനു പകരം മൈദ ഉപയോഗിച്ചു കൊണ്ടുള്ള ഉഴുന്നുവടയും കടലമാവിനു പകരം ഗ്രീന്‍പീസ് പൊടി  ഉപയോഗിച്ചു കൊണ്ടുള്ള ബജിയുമടക്കം വിവിധ തരത്തിലുള്ള പലഹാരങ്ങളാണ് വില്‍പ്പന നടത്തുന്നത്. മൈദയില്‍ ഈസ്റ്റ്, ഇനോ സാള്‍ട്ട് എന്നിവ ചേര്‍ത്താണു വട ഉണ്ടാക്കുന്നത്. രണ്ടു രൂപയും മൂന്നു രൂപയും വിലയിട്ടാണ് ഇവ ഹോട്ടലുകാര്‍ക്കും തട്ടുകടകക്കാര്‍ക്കും ലഭിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവരെ ജോലിക്കാരായി നിര്‍ത്തി മായം ചേര്‍ത്ത പലഹാരങ്ങള്‍ കടകളിലെത്തിക്കുന്നത്. കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് ഇവ വാങ്ങി വില്‍പ്പന നടത്തുകയാണ് ഹോട്ടലുകാരും തട്ടുകടക്കാരും. എല്ലാ ചേരുവകളും പാകത്തിനു ചേര്‍ത്ത ഗുണനിലവാരമുള്ള വടയും ബജിയും അഞ്ചു രൂപയ്ക്കു മുകളില്‍ വിലയിട്ടാണ് ഇപ്പോള്‍ കടകള്‍ക്കു ഹോള്‍സെയില്‍ ആയി ലഭിക്കുന്നത്. ഇത് എട്ടു രൂപയ്ക്കും പത്തു രൂപയ്ക്കും കടകളില്‍ വില്‍ക്കുമ്പോള്‍ മികച്ച ലാഭവും കിട്ടും.

എന്നാല്‍ കൊള്ളലാഭം ലക്ഷ്യമിടുന്ന ചില തട്ടുകടകളും ഹോട്ടലുകളുമാണു മൂന്നു രൂപയുടെ വടയും ബജിയും വാങ്ങി വില്‍ക്കുന്നത്. ഒരു കിലോ കടലമാവിനു നൂറു രൂപയുടെ അടുത്തു വില വരുമെങ്കില്‍ ഗ്രീന്‍പീസ് പൊടി 42 രൂപയ്ക്കു ലഭിക്കുന്നത്. ഇതാണു ബജി നിര്‍മിക്കുമ്പോള്‍ കടലമാവിനു പകരം ഗ്രീന്‍പീസ് പൊടി ഉപയോഗിക്കാന്‍ കാരണം. ഉഴുന്നുവടയില്‍ വിലകൂടിയ ഉഴുന്നിനു പകരം മൈദ ഉപയോഗിച്ചാലും ലഭിക്കുന്നതു കൊള്ളലാഭം. ഉഴുന്നുവട നിര്‍മിക്കുന്ന ഉഴുന്നിന് ഒരു കിലോക്ക് 130 മുതല്‍ 140 രൂപ വരെയാണു വില. ഓയില്‍, പച്ചമുളക്, ഇഞ്ചി തുടങ്ങിയവ വേറെയും. എന്നാല്‍ ഒരു കിലോ ഉഴുന്നുകൊണ്ടു നിര്‍മിക്കാവുന്ന ഉഴുന്നുവട 40 എണ്ണമാണ്. മൂന്നു രൂപയ്ക്ക് ഈ വട വിറ്റാല്‍ ഉഴുന്നിന്റെ കാശുപോലും കിട്ടില്ലത്രേ.

അതിനാലാണു മൈദ ചേര്‍ക്കുന്ന തന്ത്രം ഇവര്‍ പ്രയോഗിക്കുന്നത്. ഇതു കൂടാതെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിന് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്ന പതിവില്ലെന്നിരിക്കെ ഈ ഹോട്ടലുകളിലെ അടുക്കള നടത്തിപ്പുകാരുമായി തട്ടിപ്പ് സംഘങ്ങള്‍ ധാരണയിലെത്തി തുച്ഛമായ വില നല്‍കി ഈ പഴകിയ എണ്ണ വാങ്ങുകയും ഇതുപയോഗിച്ചു പലഹാരങ്ങള്‍ നിര്‍മിക്കുകയും  ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ മൂന്നു രൂപ വിലയ്ക്ക് എത്തിക്കുന്ന ഗുണനിലവാരം കുറഞ്ഞ പലഹാര വസ്തുക്കള്‍ ഗുരുതരമായ ആരോഗ്യ ഭീഷണി സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ്. ഗ്യാസ് ട്രബിള്‍, വായ്പുണ്ണ്, കുടലില്‍ അള്‍സള്‍ എന്നിവയടക്കമുള്ള രോഗങ്ങള്‍ക്ക് ഈ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുന്നതു കാരണമാവുമെന്നും വിദഗ്ധര്‍ പറയുന്നു. മായം ചേര്‍ത്ത പലഹാര വസ്തുക്കളുടെ വില്‍പ്പന വ്യാപകമായിട്ടും ഇതു സംബന്ധിച്ച് പരിശോധന നടത്താന്‍ ഇതു വരെ ആരും തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it