ആരോഗ്യ- തൊഴില്‍ വകുപ്പുകള്‍ നോക്കുകുത്തി; ദുരിതക്കാഴ്ചയായി ലേബര്‍ ക്യാംപുകള്‍

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാംപുകളില്‍ ജീവിതം ദുരിതമയം. പരിശോധന നടത്തി നടപടിയെടുക്കേണ്ട ആരോഗ്യവകുപ്പും തൊഴില്‍വകുപ്പും നോക്കുകുത്തികളാവുന്നു. കെട്ടിടനിര്‍മാണത്തൊഴിലിനെത്തുന്നവര്‍ക്കാണു ദുരിതം ഏറെ. നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ ഒരുഭാഗത്ത് ഇരുമ്പുമറയോ പ്ലാസ്റ്റിക് ഷീറ്റോ ഉപയോഗിച്ചു താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡ്ഡുകൡലാണു തൊഴിലുടമകള്‍ ഇവരെ താമസിപ്പിക്കുന്നത്.
കെട്ടിടത്തിന്റെ നിര്‍മാണ പരിശോധനയ്ക്കു തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും മലിനീകരണവകുപ്പും സ്ഥലം സന്ദര്‍ശിക്കാറുണ്ടെങ്കിലും തൊഴിലാൡകളുടെ താമസം സംബന്ധിച്ചു യാതൊരു അന്വേഷണവും നടക്കാറില്ല. പല കെട്ടിടത്തിനു സമീപത്തും 100ഉം 200ഉം അംഗങ്ങളുള്ള ലേബര്‍ ക്യാംപുകളാണു പ്രവര്‍ത്തിക്കുന്നത്.
ഇവരുടെ താമസവും ഭക്ഷണം പാകംചെയ്യുന്നതും പ്രാധമിക കൃത്യങ്ങള്‍ക്കുള്ള സൗകര്യങ്ങളുമെല്ലാം ഒരുക്കുന്നത് ഒരിടത്താണ്. കക്കൂസ് മാലിന്യങ്ങള്‍ അടക്കം അശാസ്ത്രീയമായ രീതിയിലാണ് ഇവിടെ സംസ്‌കരിക്കുന്നത്.
അസഹനീയമായ ദുര്‍ഗന്ധവും കൊതുകുകളും കാരണം ലേബര്‍ ക്യാംപുകളിലെ ജീവിതം ദുസ്സഹമാവുകയാണ്. തൊഴിലാളികളെ താമസിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളൊന്നും ഇത്തരം ക്യാംപുകളില്‍ നടപ്പാവുന്നില്ല.
അധികൃതരുടെ ഒത്താശയോടെ നടക്കുന്ന ഇത്തരം ക്യാംപുകൡ ആരോഗ്യപ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ 100ഓളം ലേബര്‍ ക്യാംപുകളുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
ഇതില്‍ 10ല്‍ താഴെ മാത്രമാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്നത്. തിരൂര്‍, വേങ്ങര, മഞ്ചേരി, കൊണ്ടോട്ടി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ അനധികൃത ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെരിന്തല്‍മണ്ണയില്‍ കക്കൂത്ത് വലിയങ്ങാടിയിലാണ് ഇത്തരം ക്യാംപുകള്‍.
ഒരുതവണ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നു നഗരസഭാ ആരോഗ്യവിഭാഗം ക്യാംപുകള്‍ പൊളിച്ചുകളഞ്ഞിരുന്നെങ്കിലും മാസങ്ങള്‍ക്കു ശേഷം ലേബര്‍ വീണ്ടും സജീവമായിരിക്കുകയാണ്. അങ്ങാടിപ്പുറം പഞ്ചായത്തില്‍ തിരൂര്‍ക്കാട് തടത്തില്‍ വളവില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപില്‍ ഇരുനൂറോളം തൊഴിലാൡകളാണു കഴിയുന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഈ ക്യാംപ് ശോച്യാവസ്ഥയിലാണ്.
പരിസരത്തു മാരക രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്‌തെങ്കിലും ആരോഗ്യവകുപ്പ് തിരിഞ്ഞുനോക്കിയിട്ടില്ല. ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലത്ത് മന്തുരോഗം ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാംപില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ തൊഴിലുടമകളുടെ അടുത്തുണ്ടാവണമെന്ന പോലിസ് നിര്‍ദേശവും പാലിക്കപ്പെടാറില്ല. പലപ്പോഴും അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടില്‍ ക്രമസമാധാനപ്രശ്‌നമായി മാറുന്നതായും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it