ആരോഗ്യ കേരളം പദ്ധതിക്ക് അനുമതി

തിരുവനന്തപുരം: 2015-16 ബജറ്റില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെയുള്ള എല്ലാ കുടുംബങ്ങളും പദ്ധതിയുടെ കീഴില്‍ വരും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ വിവിധ ധനസഹായ പദ്ധതികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം. 42 ലക്ഷം കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യും.

പദ്ധതിനടത്തിപ്പിന് മുഖ്യമന്ത്രി അധ്യക്ഷനായുള്ള സമ്പൂര്‍ണ ആരോഗ്യ കേരളം ട്രസ്റ്റ് രൂപീകരിക്കും. 20 കോടി രൂപയുടെ ഒരു കോര്‍പസ് ഫണ്ട് സ്വരൂപിക്കുകയും പ്രത്യേക ഹെഡ് ഓഫ് അക്കൗണ്ട് രൂപീകരിക്കുകയും ചെയ്യും. വിവിധ വകുപ്പുകളുടെ കീഴിലുള്ള ധനസഹായ പദ്ധതികള്‍ ഏകോപിപ്പിച്ച് സ്മാര്‍ട്ട് കാര്‍ഡിന്റെ സഹായത്തോടെ ഗുണഭോക്താവിന് രണ്ടു ലക്ഷം രൂപ വരെ ധനസഹായം ലഭ്യമാകും. രാഷ്ട്രീയ സ്വയം ബീമായോജന, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ചിസ് പ്ലസ്, ആരോഗ്യ കിരണം, കാരുണ്യ ബെനവലന്റ് ഫണ്ട്, താലോലം, കാന്‍സര്‍ സംരക്ഷണ പദ്ധതി, വിവിധ ക്ഷേമബോര്‍ഡുകളുടെ പദ്ധതികള്‍ എന്നിവയിലൂടെയാണ് ഇപ്പോള്‍ ചികില്‍സാ ധനസഹായം ലഭിക്കുന്നത്. ആര്‍എസ്ബിവൈ, ചിസ്, ചിസ് പ്ലസ് തുടങ്ങിയ പദ്ധതികളുടെ കീഴില്‍ വരുന്ന 32 ലക്ഷം കുടുംബങ്ങള്‍ ഒഴികെയുള്ളവര്‍ ഒറ്റത്തവണ നടപടി എന്ന നിലയില്‍ റവന്യൂ വകുപ്പില്‍ നിന്നു ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

രോഗചികില്‍സയും ഈ പദ്ധതി പ്രകാരം സ്വീകരിക്കേണ്ട നടപടിക്രമവും നിര്‍ണയിക്കുന്നതിന് സാങ്കേതിക സമിതി രൂപീകരിക്കും. സമിതി ശുപാര്‍ശകള്‍ ട്രസ്റ്റ് അന്തിമ അംഗീകാരത്തിനായി പരിഗണിക്കും. അര്‍ഹതയുള്ള ഓരോ കുടുംബത്തിനും ഒന്നര ലക്ഷം രൂപ പ്രതിവര്‍ഷം സാമ്പത്തിക ആനുകൂല്യം നല്‍കും. അസാധാരണ കേസുകളില്‍ അധികമായി 50,000 രൂപ പ്രത്യേകാനുമതി നല്‍കും. 18 വയസ്സു വരെയുള്ള സൗജന്യ കാന്‍സര്‍ ചികില്‍സാസഹായം, വിവിധ പദ്ധതികളുടെ കീഴിലുള്ള നിലവിലെ സാമ്പത്തിക സഹായം എന്നിവ രണ്ടു ലക്ഷം രൂപ കഴിഞ്ഞാലും തുടരും. കിടപ്പുരോഗികളുടെ ചികില്‍സാ ചെലവുകള്‍ ഡിസ്ചാര്‍ജ് ചെയ്താലും തുടര്‍ന്ന് 10 ദിവസം വരെയും സങ്കീര്‍ണതകളുണ്ടായാല്‍ 30 ദിവസം വരെയും വഹിക്കും. സൗജന്യ ഒപി പരിശോധന, രോഗിക്കും കൂട്ടിരിപ്പുകാരനുമുള്ള ആഹാരം, മരുന്നുകള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ദീര്‍ഘമായ ചികില്‍സ ആവശ്യമായ രോഗചികില്‍സയ്ക്ക് പ്രത്യേക പാക്കേജ് ഒരു വര്‍ഷക്കാലത്തേക്കു വരെ പ്രത്യേകം നിര്‍ണയിക്കും.
Next Story

RELATED STORIES

Share it