thiruvananthapuram local

ആരോഗ്യ- കാര്‍ഷിക മേഖലയ്ക്ക് 13.7 കോടി വകയിരുത്തി

ചിറയിന്‍കീഴ്: ആരോഗ്യ രംഗത്തിന് പ്രമുഖ്യം നല്‍കി ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. മൊബൈല്‍ ഡയാലിസിസ് യൂനിറ്റ്, മൊബൈല്‍ ലാബ് എന്നിവ അടക്കം ഈ വര്‍ഷം മുതല്‍ ബ്ലോക്ക് പരിധിയിലുള്ള എല്ലാ വ്യക്തികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നല്‍കുമെന്ന് ബജറ്റ് പ്രഖ്യപിക്കുന്നു. ചിറയിന്‍കീഴ് താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രി നവീകരണ പ്രവര്‍ത്തനങ്ങളും ധ്രുതഗതിയിലാക്കും. അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, വക്കം റൂറല്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ അപര്യാപ്തത പരിഹരിക്കും.
ചിറയിന്‍കീഴ് താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയുടെ അപര്യാപ്തത പരിഹരിച്ച് ജില്ലയിലെ ഏറ്റവും വലിയ ആശുപത്രിയാക്കി മാറ്റും. ആരോഗ്യ രംഗത്ത് അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോപ്പതി എന്നിവയെ ഏകോപിപ്പിച്ച് സമഗ്രമായ ആരോഗ്യ പദ്ധതിക്ക് രൂപം നല്‍കും. ഇതിനായി 2,95,00,000 രൂപ ബജറ്റില്‍ വകയിരുത്തി. കാര്‍ഷിക മേഖലയില്‍ ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി 'ജൈവ സമൃദ്ധി' പദ്ധതി ജില്ലാ പഞ്ചായത്തുമായി യോജിച്ച് നടപ്പാക്കും. സംയോജിത നീര്‍ത്തട പദ്ധതി പ്രകാരം കാര്‍ഷിക മേഖലയില്‍ പല പദ്ധതികള്‍ക്കായി 10,13,50,000 രൂപ വകയിരുത്തി.
കന്നുകാലി വളര്‍ത്തലിന് 10 പേരുള്‍പ്പെടെ 15 ഗ്രൂപ്പുകള്‍ക്കായി 45 ലക്ഷം രൂപയും വകയിരുത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ താമസിക്കുന്ന ക്ഷീര കര്‍ഷകര്‍ക്കായി 'ക്ഷീര വര്‍ദ്ധിനി' പദ്ധതി നടപ്പിലാക്കുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചു. മല്‍സ്യതൊഴിലാളികള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് ലഭ്യമാക്കുന്നതിനായി മല്‍സ്യ സംഘങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഭവനരഹിതരായവര്‍ക്ക് വീട് നിര്‍മിക്കുന്നതിന് 15,90,18,719 രൂപ വകയിരുത്തിയിട്ടുണ്ട്. കയര്‍ മേഖലയെ സംരക്ഷിക്കുന്നതിന് വേണ്ടി പുതിയ വ്യവസായ സംരംഭകര്‍ക്ക് പരിശീലനവും ധനസഹായവും ലഭിക്കുന്നതിനായി 2,79, 99,000 രൂപ അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സമുച്ചയം നവീകരിക്കുന്നതിനും ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നതിനുമായി 4,30,88,000 രൂപ വകയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് കോംപൗണ്ടില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ആഡിറ്റോറിയം നിര്‍മിക്കുന്നതിനായി 1 കോടി രൂപയും പ്രദേശത്തെ പട്ടികജാതി വികസനത്തിന് 12,47,65,000 രൂപയും നീക്കിവെച്ചു. ആധുനിക രീതിയിലുള്ള പൊതുശ്മശാനം നിര്‍മിക്കുന്നതിനായി 60 ലക്ഷം രൂപ വകയിരുത്തി.
സ്ത്രീകളുടെ ഉന്നമനത്തിനായി ക്ഷീരോത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കറവപ്പശുക്കളുടെ വിതരണം, മുട്ടക്കോഴി വലര്‍ത്തല്‍ പദ്ധതി, സ്വയം തൊഴില്‍ പദ്ധതി എന്നീ പദ്ധതികള്‍ക്കായി 30 ലക്ഷം രൂപ വകയിരുത്തി. നീര്‍ത്തട പരിപാലന പദ്ധതിയില്‍ ജില്ലയില്‍ ചിറയിന്‍കീഴ് ബ്ലോക്കിനെ തിരഞ്ഞെടുക്കുകയും 6,36,00,000 രൂപ ഇതിനായി വകയിരുത്തുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ബജറ്റ് അവതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി രമാഭായി അമ്മ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ അബ്ദുള്‍ സലാം സംസാരിച്ചു.
Next Story

RELATED STORIES

Share it