ആരോഗ്യമേഖലയില്‍ ഇന്ത്യ ബ്രിക്‌സ് രാജ്യങ്ങളില്‍ ഏറ്റവും താഴെ

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: ആരോഗ്യമേഖലയില്‍ ഇന്ത്യയുടെ നിലവാരം ബ്രിക്‌സ് രാജ്യങ്ങളില്‍ ഏറ്റവും താഴെയാണെന്ന് റിപോര്‍ട്ട്. ആരോഗ്യമേഖലയിലെ ഏറ്റവും മികച്ച ആഗോള പ്രസിദ്ധീകരണങ്ങളിലൊന്നായ ലാന്‍സെറ്റിന്റെ പുതിയ റിപോര്‍ട്ടിലാണ് രാജ്യത്തെ ആരോഗ്യമേഖലയെ സംബന്ധിച്ച ശുഭകരമല്ലാത്ത യാഥാര്‍ഥ്യങ്ങള്‍ വിവരിക്കുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവ ഉള്‍പ്പെടുന്ന ബ്രിക്‌സ് രാജ്യങ്ങളില്‍ ആഫ്രിക്കയ്ക്കും താഴെയാണ് ഇന്ത്യയിലെ ആരോഗ്യ നിലവാരം. ആരോഗ്യരംഗത്തെ ചെലവുകളെയും റിപോര്‍ട്ട് വിമര്‍ശിക്കുന്നു. ആരോഗ്യരംഗത്തെ ഈ സാമ്പത്തിക പ്രയാസങ്ങളില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാന്‍ രാജ്യത്തിനു പറ്റാത്തത് നിരാശാജനകമാമെന്ന് റിപോര്‍ട്ട് പറയുന്നു. മുതിര്‍ന്ന ഗവേഷകരായ ഡോ. വിക്രം പട്ടേല്‍, ഡോ. ശ്രീനാഥ് റെഡ്ഡി തുടങ്ങി ഒമ്പതോളം പേര്‍ ചേര്‍ന്നാണ് 'ഇന്ത്യയില്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തല്‍' എന്ന പേരിലുള്ള റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.ആരോഗ്യ മേഖലയില്‍ രാജ്യം കഴിഞ്ഞ കാലങ്ങളില്‍ കുറെ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സമാന സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളുമായും അയല്‍ രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ പ്രകടനം മോശമാണെന്നും ലോകത്തെ രോഗികളുടെ എണ്ണത്തില്‍ രാജ്യം ശരാശരിക്കു മുകളിലാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യത്യസ്ത സംസ്ഥാനങ്ങള്‍ക്കിടയിലും നഗര-ഗ്രാമങ്ങള്‍ക്കിടയിലും വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന ആരോഗ്യ അസമത്വത്തെ ചൂണ്ടിക്കാണിക്കുന്ന റിപോര്‍ട്ട്, നല്ലൊരു വിഭാഗം ഇന്ത്യക്കാരും ആരോഗ്യരംഗത്തെ താങ്ങാനാവാത്ത ചെലവും നിലവാരം കുറഞ്ഞ സേവനങ്ങളും മേഖലയില്‍ രാജ്യം നേരിടുന്ന വെല്ലുവിളിയായി ചൂണ്ടിക്കാണിക്കുന്നുണ്ട്. പൊതുമേഖലാ രംഗത്തെ പ്രാഥമികാരോഗ്യ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ റിപോര്‍ട്ട് നിര്‍ദേശിക്കുന്നു. ആരോഗ്യരംഗത്ത് രാജ്യം ചെലവഴിക്കുന്നത് ആകെ ജിഡിപിയുടെ നാലു ശതമാനം മാത്രമാണ്. പത്തു വര്‍ഷം മുമ്പ് ഇത് 4.5 ശതമാനമായിരുന്നു.ലോകത്ത് ഒരോ അഞ്ചു രോഗികളിലും ഒരാള്‍ ഇന്ത്യക്കാരാണ്. ഇത് ജനസംഖ്യാ ശതമാനത്തിലും കൂടുതലാണ്. ആഗോള ജനസംഖ്യയില്‍ 17.5 ശതമാനമാണ് ഇന്ത്യക്കാര്‍. എന്നാല്‍, ലോകത്തെ 27 ശതമാനം നവജാത ശിശുമരണവും 21 ശതമാനം ശിശുമരണവും നടക്കുന്നത് ഇന്ത്യയിലാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.പ്രാഥമിക ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതു കൂടാതെ, മേഖലയില്‍ ആവശ്യാനുസരണം യോഗ്യരായ ജീവനക്കാരെ കണ്ടെത്തുക, സ്വകാര്യമേഖലയെ കൂടുതല്‍ പരിഷ്‌കരിക്കുക, ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ ധനവിനിയോഗം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നു.
Next Story

RELATED STORIES

Share it