ആരോഗ്യമില്ലെന്ന് പറഞ്ഞ് അപമാനിക്കരുത്; വിഎസിന് ഇനിയും രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയാവാന്‍ കഴിയും: പി സി ജോര്‍ജ്

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനുമായി പൂഞ്ഞാറില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര സ്ഥാനാര്‍ഥി പി സി ജോര്‍ജ് കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് ജോര്‍ജ് വിഎസിനെ കണ്ടത്. വിഎസിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെട്ടാണ് അദ്ദേഹത്തെ കണ്ടതെന്നും എന്നാല്‍ തന്നെക്കാള്‍ ആരോഗ്യവാനാണ് വിഎസെന്ന് ബോധ്യമായെന്നും ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അദ്ദേഹത്തിന് ആരോഗ്യമില്ലെന്ന് പറഞ്ഞ് അപമാനിക്കരുത്. ലോകത്തെ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുകാരനാണ് വിഎസ്. യാതൊരു ആരോഗ്യപ്രശ്‌നവുമില്ലെന്നിരിക്കെ ഇക്കാര്യത്തില്‍ മറ്റുള്ളവരുടെ വാദങ്ങള്‍ക്ക് എന്തടിസ്ഥാനമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ഇനിയും രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയാവാന്‍ വിഎസിനു കഴിയും. വിഎസിന്റെ പോരാട്ടങ്ങളില്‍ താനും കൂടെയുണ്ടാവും. പൂഞ്ഞാറിലെ വിജയത്തില്‍ വിഎസ് തന്നെ അഭിനന്ദനം അറിയിച്ചെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. നിയുക്ത മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ആരാണെന്ന് താനിതുവരെ അറിഞ്ഞിട്ടില്ലെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ച ശേഷം വിഎസിനെ മുഖ്യമന്ത്രിയാക്കാത്തത് നീതികേടാണ്. വിഎസ് മല്‍സരിച്ചില്ലായിരുന്നെങ്കില്‍ എല്‍ഡിഎഫിന്റെ ഗതി ഇതാകുമായിരുന്നില്ല. എല്‍ഡിഎഫിന് വോട്ട് ചെയ്തവരോടു മാന്യമായ പരിഗണന കാണിച്ചില്ലെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it