thiruvananthapuram local

ആരോഗ്യകിരണം പദ്ധതി അവതാളത്തില്‍; ജനറല്‍ ആശുപത്രിയില്‍ മരുന്നില്ല

തിരുവനന്തപുരം: ആരോഗ്യകിരണം പദ്ധതി അവതാളത്തില്‍. ജനറല്‍ ആശുപത്രിയില്‍ മരുന്നു വാങ്ങാനെത്തുന്നവര്‍ വലയുന്നു. പദ്ധതി വഴി മരുന്നുകള്‍ വാങ്ങാന്‍ രോഗികളും കൂടെയുള്ളവരും നെട്ടോട്ടമോടുകയാണ്. പതിനഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് സൗജന്യമായി നല്‍കുന്ന സര്‍ക്കാര്‍ സംരംഭമാണ് ആരോഗ്യകിരണം. ഈ പദ്ധതി പ്രകാരം മരുന്നുകള്‍ ആശുപത്രി ഫാര്‍മസിയില്‍ നിന്നോ നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്നോ സൗജന്യമായി നല്‍കണം.
കഴിഞ്ഞദിവസം ജനറല്‍ ആശുപത്രിയിലെത്തിയ ഒരു കുടുംബത്തിന് ഈ പദ്ധതി വഴി മരുന്നു വാങ്ങാനായി നെട്ടോട്ടമോടേണ്ട അവസ്ഥയുണ്ടായി. പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ അഞ്ചുവയസുകാരിയെയും കൊണ്ടാണ് മാതാപിതാക്കള്‍ ജനറല്‍ ആശുപത്രിയിലെത്തിയത്. കാലിന് നീരുണ്ടായിരുന്നതിനാല്‍ ഡോക്ടര്‍ ഗുളികയ്ക്ക് എഴുതി നല്‍കി. കുട്ടിയായതിനാല്‍ ആര്‍എസ്ബിവൈ പദ്ധതി പ്രകാരം മരുന്ന് സൗജന്യമായി ലഭിക്കുമെന്ന് പറഞ്ഞ് അതിനുള്ള കുറിപ്പടി നല്‍കി.
ആരോഗ്യകിരണത്തിന്റെ ഓഫിസ് വിഭാഗത്തില്‍ പോയി സീല്‍വച്ച് മരുന്നുവാങ്ങാനും പറഞ്ഞു. അതുപ്രകാരം പോയി സീല്‍ വച്ചപ്പോള്‍ മരുന്നിനായി ഫാര്‍മസിയില്‍ പോവാന്‍ നിര്‍ദേശം ലഭിച്ചു. എന്നാല്‍ ഇവിടെ മരുന്നില്ല, നേരെ നീതി മെഡിക്കല്‍ സ്റ്റോറിലേക്ക് പോവാനായിരുന്നു അവിടുന്നുള്ള നിര്‍ദേശം. നീതി സ്റ്റോറിലും മരുന്നുണ്ടായിരുന്നില്ല. വീണ്ടും ആരോഗ്യകിരണം ഓഫിസില്‍ എത്തി.
തൈക്കാട് ആശുപത്രിയിലോ മെഡിക്കല്‍കോളജ് ആശുപത്രിയിലോ ഉള്ള കാരുണ്യ ഫാര്‍മസിയില്‍ പോയി മരുന്നുവാങ്ങാനാണ് നിര്‍ദേശം ലഭിച്ചത്. അവിടെ പോയാല്‍ മരുന്ന് ലഭിക്കുമെന്ന് ഉറപ്പാണോയെന്ന് ചോദിച്ചപ്പോള്‍ അത് പോയി നോക്കിയാലേ അറിയാന്‍ കഴിയൂ എന്നായിരുന്നു മറുപടി.
പുറത്തെ മെഡിക്കല്‍ സ്റ്റോറില്‍നിന്ന് വാങ്ങിയാല്‍ പണം റീ ഇമ്പേഴ്‌സ് ചെയ്യില്ലെന്നും മറുപടി കിട്ടി. ഇത് ഒരാളുടെ മാത്രം അനുഭവമല്ല. നിര്‍ധനരായ രോഗികള്‍ക്ക് ലഭിക്കേണ്ട പല സൗജന്യ പദ്ധതികളും ഇത്തരത്തില്‍ പ്രയോജനപ്പെടാതെ പോവുന്നു എന്നാണ് ആക്ഷേപം. അവശ്യമരുന്നുകള്‍ പോലും ജില്ലാ ആശുപത്രികളില്‍ ലഭിക്കുന്നില്ല. നീതി മെഡിക്കല്‍ സ്റ്റോറിലേക്ക് കെഎംഎസ്‌സിഎല്‍ വഴി മരുന്ന് എടുക്കാതായിട്ട് മാസം ഒന്നായി.
ചില ഉദ്യോഗസ്ഥരുടെ താല്‍പര്യമാണ് ഇതിനുപിന്നിലെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്. രോഗികളെ ദ്രോഹിക്കുന്ന ഇത്തരം പ്രവൃത്തികള്‍ തടയാനോ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാനോ ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറാവാത്തതാണ് കാര്യങ്ങള്‍ ഇത്തരത്തിലാവാന്‍ കാരണം.
Next Story

RELATED STORIES

Share it