ആരും വ്യവസ്ഥിതിയേക്കാള്‍ വലുതല്ല: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ധനമന്ത്രാലയത്തിനു കീഴിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്രമണം പതിവാക്കിയ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരേ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി സ്വാമിക്കെതിരേ ആഞ്ഞടിച്ചത്. ആരും വ്യവസ്ഥിതിയെക്കാള്‍ വലുതല്ല. പ്രശസ്തി ലക്ഷ്യംവച്ച് പ്രസ്താവനകള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തുടങ്ങിയവര്‍ക്കെതിരായി അടുത്തിടെ സ്വാമി നടത്തിയ വിമര്‍ശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മോദി.
പാര്‍ട്ടിയുടെ നിയന്ത്രണങ്ങള്‍ മറികടന്ന് പ്രസ്താവനകള്‍ നടത്തുന്ന ബിജെപി നേതാക്കളെ മോദി ശക്തമായി താക്കീത് ചെയ്തു. രഘുറാം രാജന്‍ രാജ്യസ്‌നേഹിയല്ലെന്നും രാജ്യവിരുദ്ധ താല്‍പര്യങ്ങളാണ് അദ്ദേഹത്തിനുള്ളതെന്നുമുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസ്താവന അനുചിതമായിപ്പോയി. രാജന്‍ ഏത് പദവി വഹിച്ചാലും അദ്ദേഹം ഇന്ത്യയെ സേവിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി വ്യക്തമാക്കി.
പ്രശസ്തിക്കായി നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ രാജ്യത്തിന് ഒരുവിധത്തിലും ഗുണംചെയ്യില്ല. നേതാക്കള്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായി പെരുമാറണം. വ്യവസ്ഥിതിയെക്കാള്‍ വലുതാണ് തങ്ങളെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it