kannur local

ആരാധനാസ്ഥലങ്ങള്‍ പ്രചാരണ വേദിയാക്കരുത്

കണ്ണൂര്‍: തിരഞ്ഞെടുപ്പിന്റെ പ്രചാരണവേദിയായി ആരാധനാസ്ഥലങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിഷ്‌കര്‍ഷിക്കുന്നു. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കാനും പാടില്ല.
വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങ ള്‍ ഉളവാക്കുന്നതോ നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദേ്വഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടരുത്.
മറ്റു രാഷ്ട്രീയ കക്ഷികളെ വിമര്‍ശിക്കുമ്പോള്‍ അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും ഒതുക്കണം. മറ്റു കക്ഷികളുടെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും വിമര്‍ശിക്കരുത്. അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റ് കക്ഷികളെയും അവയിലെ പ്രവര്‍ത്തകരെയും വിമര്‍ശിക്കുന്നത് ഒഴിവാക്കണം.
ഏതെങ്കിലും സ്ഥാനാര്‍ഥിക്കോ സമ്മതിദായകനോ അവര്‍ക്ക് താല്‍പര്യമുള്ള വ്യക്തികള്‍ക്കോ എതിരേ സാമൂഹിക ബഹിഷ്‌കരണം, സാമൂഹിക-ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ പുറപ്പെടുവിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും എത്രതന്നെ എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യ ജീവിതം നയിക്കാനുള്ള അയാളുടെ അവകാശം മാനിക്കണം.
വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്താനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക, പിക്കറ്റ് ചെയ്യുക തുടങ്ങിയ രീതികള്‍ അവലംബിക്കാന്‍ പാടില്ല.
സര്‍ക്കാര്‍ ഓഫിസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവരെഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ ബാനര്‍, കട്ടൗട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാവുന്ന വിധത്തില്‍ പ്രചരണ സാമഗ്രികള്‍(കൊടി, ബാനര്‍, പോസ്റ്റര്‍, കട്ടൗട്ട്) സ്ഥാപിക്കാന്‍ പാടില്ല.
Next Story

RELATED STORIES

Share it