thrissur local

ആരവമൊഴിഞ്ഞു; ജില്ലയിലെങ്ങും ആവേശമുയര്‍ത്തി കൊട്ടിക്കലാശം

തൃശൂര്‍: പ്രവര്‍ത്തകര്‍ക്ക് ആവേശപ്പെരുമയായി രണ്ടു മാസം നീണ്ടു നിന്ന പ്രചാരണത്തിന് കലാശക്കൊട്ടോടു കൂടി സമാപനം. പരസ്യപ്രചാരണത്തിന്റെ സമയം ആറുമണി വരെ നീട്ടിയതിനാല്‍ പാര്‍ട്ടികളുടെ ആവേശം പാരതമ്യതയിലെത്തിയിരുന്നു. ഇനി നിശബ്ദ പ്രചാരണത്തിന്റെ ദിവസങ്ങളാണ്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായിരുന്ന ഇന്നലെസ്ഥാനാര്‍ഥികളെല്ലാം സ്വന്തം മണ്ഡലത്തില്‍ ഓടിനടന്ന പ്രചാരണം നടത്തുകയായിരുന്നു. കലാശകൊട്ടിനിടെ ചിലയിടങ്ങളില്‍ ചെറിയ തോതില്‍ സംഘര്‍ഷം അനുഭവപ്പെട്ടു.
ചാലക്കുടി: ആവേശമുണര്‍ത്തി ചാലക്കുടിയില്‍ പരസ്യപ്രചരണം കൊട്ടിയിറങ്ങി. ഇടതും വലതും എന്‍ഡിഎയും കൊട്ടികലാശത്തില്‍ ഒപ്പത്തിനൊപ്പം നിന്നു. നോര്‍ത്ത് ജംഗ്ഷന്‍ സൗത്ത് ജങ്ഷന്‍ എന്നിവടങ്ങളിലായാണ് അവസാനപ്രചരണം നടന്നത്. എല്‍ഡിഎഫ്‌നോര്‍ത്ത് ജംഗ്ഷനിലും യുഡിഎഫ്‌നോര്‍ത്ത് ജങ്ഷനിലെ മറ്റൊരിടത്തും എന്‍ഡിഎ സൗത്ത് ജംഗ്ഷനിലുമാണ് അവസാന പരസ്യ പ്രചരണം നടത്തിയത്. നറുക്കെടുപ്പിലൂടെയാണ് കൊട്ടികലാശത്തിനുള്ള സ്ഥലങ്ങള്‍ ലഭിച്ചത്.
പുതുക്കാട്: പുതുക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊടുംചൂടൊഴിഞ്ഞു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും ശബ്ദപ്രചാരണത്തിന്റെ കൊട്ടിക്കലാശം നടന്നു. പുതുക്കാട് സെന്ററില്‍ നടന്ന കൊട്ടിക്കലാശത്തില്‍ ഇടതു, വലതുമുന്നണികളുടെയും എന്‍ഡിഎ യുടെയും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. സിരവീന്ദ്രനാഥ്, ഐക്യമുന്നണിയുടെ സുന്ദരന്‍ കുന്നത്തുള്ളി, എന്‍ഡിഎ സ്ഥാനാര്‍ഥി എ.നാഗേഷ് എന്നിവര്‍ പ്രവര്‍ത്തകരുടെ ആവേശം വാനോളമുയര്‍ത്തി ഒപ്പമുണ്ടായിരുന്നു. വോട്ടെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കെ മൂന്ന് സ്ഥാനാര്‍ഥികളും വിജയപ്രതീക്ഷയിലാണ്. ആസിഫ് നിയാസ് (പിഡിപി), ജയന്‍ കോനിക്കര (സിപിഐ-എംഎല്‍), സന്തോഷ് പോളക്കുളത്ത് (ശിവസേന), സിവി വിജയന്‍(സ്വത.), സന്തോഷ് ഐത്താടന്‍ (സ്വത.) എന്നിവരും മല്‍സരരംഗത്തുണ്ട്.
മാള: മാള ടൗണില്‍ മൂന്ന് മണി കഴിഞ്ഞപ്പോള്‍ മുതല്‍ പ്രചാരണ വാഹനങ്ങളിലും ഇരുചക്ര വാഹനങ്ങളിലും മറ്റുമായി പ്രവര്‍ത്തകര്‍ എത്തി തുടങ്ങി. പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി ഓരോ കക്ഷിക്കും പ്രത്യേകം സ്ഥലം നിജപ്പെടുത്തിയിരുന്നു. ആദ്യമെത്തിയ വാഹനങ്ങളും മറ്റും അവരവര്‍ക്കായി നിശ്ചയിച്ച സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ച് തുടങ്ങി. ആറുമണി വരെ അതിശക്തമായ ശബ്ദകോലാഹലമായിരുന്നു. എല്ലാവരുടേയും അനൗണ്‍സ്‌മെന്റും നാസിക് ഡോളുപയോഗിച്ചും ചെണ്ടയുപയോഗിച്ചുമുള്ളതടക്കം കാതടപ്പിക്കുന്ന ശബ്ദകോലാഹലമായിരുന്നു മണിക്കൂറുകളോളം. മൂന്ന് മണിക്കൂറോളം ഈ ശബ്ദകോലാഹലം തുടര്‍ന്നു. മാളയില്‍ നടന്ന കൊട്ടിക്കലാശത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി ആര്‍ സുനില്‍കുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി ധനപാലനും പങ്കെടുത്തു.
മാള ടൗണില്‍ കൂടാതെ എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും എന്‍ഡിഎയുടെയും അഷ്ടമിച്ചിറയിലും പുത്തന്‍ചിറയിലും എല്‍ഡിഎഫിന്റേയും കൊട്ടിക്കലാശമുണ്ടായിരുന്നു. പുത്തന്‍ചിറ മങ്കിടിയില്‍ നടന്ന കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിച്ച കെഎപി ബറ്റാലിയനിലെ പോലിസുകാരനായ എസ് സുജിത്തിന് കല്ലേറ് കൊണ്ട് പരിക്കേറ്റു. നെറ്റിയില്‍ കല്ലേറ് കൊണ്ടാണ് പരിക്കേറ്റത്. പുത്തന്‍ചിറ പ്രാധമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച സുജിത്തിന്റെ നെറ്റിയില്‍ സ്റ്റിച്ചിട്ടു. സംഭവത്തില്‍ ഇരു കക്ഷികള്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തു.
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ കലാശകൊട്ടില്‍ സിപിഐ-കോണ്‍ഗ്രസുകാര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്ക്. കലാശകൊട്ടിനിടെ കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫിസിനു മുന്നില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിലാണ് എല്‍ഡിഫ് പ്രവര്‍ത്തകരായ നഗരസഭ ചെയര്‍മാന്‍ സി സി വിപിന്‍ചന്ദ്രന്‍, അന്‍വര്‍ പൊന്നമ്പത്ത്, ആണ്ടൂരുത്തി ഷിബിന്‍ എന്നിവര്‍ക്കും കോണ്‍ഗ്രസുകാരായ ഇ എസ് സാബു, ടി എസ് സുദര്‍ശനന്‍, പ്രവീണ്‍ എന്നിവര്‍ക്കും പരിക്കേറ്റത്. കൊടുങ്ങല്ലൂരിലെ സമാപന സമ്മേളനത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി കൊടുങ്ങല്ലൂര്‍ സി ഐ സിബി ടോം എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും പോലിസിന്റെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത് ബിജെപിക്കാര്‍ക്ക് കൊടുങ്ങല്ലൂര്‍ തെക്കേനടയിലും കേ ാണ്‍ഗ്രസുകാര്‍ക്ക് വടക്കേ നടയിലെ വില്ലേജ് ഓഫിസ് പരിസരവും ഇടതു പക്ഷത്തിന് ചന്തപ്പുര ബസ് സ്റ്റാന്റ് പരിസരവുമാണ് നിശ്ചയിച്ചിരുന്നത്. പോലിസ് എടുത്ത തീരുമാനം ലംഘിച്ചാണ് കോണ്‍ഗ്രസുകാരും ഇടതുപക്ഷവും താലൂക്ക് ഓഫിസ് പരിസരത്തേക്ക് പ്രകടനം നയിച്ചതും ഏറ്റുമുട്ടലുണ്ടായതും. പോലിസ് ഇടപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ സംഘര്‍ഷം ഒഴിവായി.
ചാവക്കാട്: ആവേശത്തിരകളുയര്‍ത്തി ചാവക്കാട്ട് കലാശക്കൊട്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നഗരം കയ്യടക്കിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ടൗണിലേക്ക് പ്രവേശിക്കാനായില്ല. ഉച്ചതിരിഞ്ഞതോടെ ടൗണ്‍ചുറ്റി അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ നീങ്ങികൊണ്ടിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി, എസ്ഡിപിഐ, വെയല്‍ഫയര്‍ പാര്‍ട്ടി, പിഡിപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് അഭ്യര്‍ഥിച്ചുള്ള വാഹനങ്ങളാണ് കടന്നു പോയത്. വാഹനങ്ങള്‍ ട്രാഫിക് ഐലന്റില്‍ നിറുത്താന്‍ പോലിസ് അനുവദിച്ചില്ല. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബൈക്കിലും കാല്‍നടയായും ടൗണിലേക്ക് വന്നുകൊണ്ടിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരും പ്രകടനമായി ടൗണിലേക്കെത്തി. പ്രവര്‍ത്തകരെല്ലാം ബസ് സ്റ്റാന്റ് പരിസരത്തും ബൈപ്പാസിലുമായി കേന്ദ്രീകരിച്ചു. പിന്നീട് 5.30ന് പ്രകടനമായി എത്തുകയായിരുന്നു. ഗുരുവായൂരില്‍ പ്രചാരണത്തിന് ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും എത്തിയെങ്കിലും ടൗണിലേക്ക് കടക്കാനായില്ല. പോലിസ് തടഞ്ഞതായി യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പിഡിപി സ്ഥാനാര്‍ഥിയേയും പ്രവര്‍ത്തകരേയും പോലിസ് മണത്തല മുല്ലത്തറയില്‍ തടഞ്ഞതായി ആക്ഷേപമുണ്ട്. ആറു മണിയോടടുത്ത് ടൗണിലെത്തിയ യുഡിഎഫ് പ്രവര്‍ത്തകരും ഈ സമയം ടൗണിലുണ്ടായിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകരും കൂക്കി വിളിച്ചതിനെ തുടര്‍ന്ന് ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായി പോലിസും കേന്ദ്രസേനയും ഇരുവിഭാഗങ്ങള്‍ക്കും നടുവില്‍ നിന്നു പ്രവര്‍ത്തകരെ പിന്തിരിപ്പിയ്ക്കാന്‍ ശ്രമിച്ചു. പിന്നീട് പിരിച്ചു വിടുകയായിരുന്നു.
ഇരിങ്ങാലക്കുട: രണ്ടു മാസം നീണ്ടു നിന്ന തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇരിങ്ങാലക്കുടയിലും കൊട്ടികലാശിച്ചു. ഇത്തവണ മൂന്ന് മുന്നണികളും ഒരുപോലെ ആവേശകരമായ പ്രചാരണമാണ് നടത്തിയിരുന്നത്. കൊട്ടിക്കാലാശത്തിന് അണികളുടെ ആവേശം അതിരുവിടാതിരിക്കാന്‍ പോലിസ് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ കൊട്ടിക്കലാശത്തിനായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആല്‍ത്തറവരെയുള്ള സ്ഥലമാണ് തിരഞ്ഞെടുത്തതെങ്കില്‍ യുഡിഎഫ് കാട്ടൂരിലും ബിജെപി ബസ് സ്റ്റാന്റ് പരിസരവുമാണ് കയ്യടക്കിയത്. കൊടിതോരണങ്ങളും കട്ട്ഔട്ട്കളും ഫഌക്‌സുകളും കൊണ്ട് അലങ്കരിച്ച വാഹനങ്ങള്‍ നഗരത്തില്‍ നിറഞ്ഞ് നിന്നത് പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തി. മറ്റു പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും മൂന്ന് മുന്നണികളുടേയും കൊട്ടിക്കലാശം ശക്തമായി.
Next Story

RELATED STORIES

Share it