ആയുഷ് മന്ത്രാലയത്തിന്റെ മുസ്‌ലിംവിരുദ്ധത റിപോര്‍ട്ട് ചെയ്തിനെതിരേ നടപടി; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: കേന്ദ്ര ആയുഷ് മന്ത്രാലയം യോഗ ദിനാചരണത്തിന്റെ ഭാഗമായി ട്രെയ്‌നര്‍മാരെ ജോലിക്കെടുത്തതില്‍നിന്നു മുസ്‌ലിം അപേക്ഷകരെ തഴഞ്ഞുവെന്ന് ഔദ്യോഗിക രേഖകള്‍ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. മില്ലി ഗസറ്റിലൂടെ വാര്‍ത്ത പുറത്തുവിട്ട ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ പുഷ്പ് ശര്‍മയെയാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ സാകേത് കോടതിയില്‍ ഹാജരാക്കി.
ആയുഷ് മന്ത്രാലയത്തില്‍നിന്നു ലഭിച്ചതെന്ന് പറഞ്ഞ് ശര്‍മ ഉപയോഗിച്ച വിവരാവകാശ മറുപടി വ്യാജമാണെന്ന മന്ത്രാലയത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് രണ്ടുമാസം മുമ്പ് ശര്‍മയെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തനിക്ക് ലഭിച്ച വിവരാവകാശ മറുപടി രേഖകള്‍ പോലിസില്‍ സമര്‍പ്പിക്കുകയും മുന്‍കൂര്‍ സമ്മതമില്ലാതെ ഡല്‍ഹി വിട്ടുപോവില്ലെന്ന് എഴുതിനല്‍കുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹത്തെ അന്ന് വിട്ടയച്ചത്. പിന്നീട് കഴിഞ്ഞമാസം വാര്‍ത്ത പ്രസിദ്ധീകരിച്ച മില്ലി ഗസറ്റ് പത്രാധിപര്‍ സഫറുല്‍ ഇസ്‌ലാം ഖാനെയും പോലിസ് ചോദ്യംചെയ്തു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും വിഷയത്തില്‍ മില്ലി ഗസറ്റിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. എന്നാല്‍, പ്രസ് കൗണ്‍സിലിന്റെ പെരുമാറ്റം മാധ്യമപ്രവര്‍ത്തകരെയും പ്രസിദ്ധീകരണങ്ങളെയും സംരക്ഷിക്കുന്നതിനു പകരം സര്‍ക്കാരിന്റെ പക്ഷം ചേരുന്നതാണെന്ന് സംശയിക്കുന്നുവെന്ന് സഫറുല്‍ ഇസ്‌ലാം ഖാന്‍ പറഞ്ഞു.
വാര്‍ത്ത തള്ളിയ ആയുഷ് മന്ത്രാലയം തങ്ങളെ ബന്ധപ്പെട്ടിരുന്നില്ല. മറിച്ച് തങ്ങള്‍ക്കെതിരേ കേസെടുക്കാന്‍ ധൃതി കാണിക്കുകയായിരുന്നു. റിപോര്‍ട്ടില്‍ പറഞ്ഞതിന് വിരുദ്ധമായി കഴിഞ്ഞ കാലങ്ങളില്‍ തങ്ങള്‍ എത്ര മുസ്‌ലിംകളെ റിക്രൂട്ട് ചെയ്തുവെന്ന് വ്യക്തമാക്കുന്ന പ്രതികരണവും മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും പത്രാധിപര്‍ അറിയിച്ചു. റിപോര്‍ട്ടിന്റെ പിന്നിലെ ലക്ഷ്യത്തെക്കുറിച്ചും ആള്‍ക്കാരെക്കുറിച്ചുമാണ് തന്നോട് പോലിസ് ചോദിച്ചതെന്നു ശര്‍മ പറഞ്ഞു.
ലോക യോഗ ദിനത്തിന്റെ ഭാഗമായി വിദേശത്തേക്കയക്കാന്‍ നിരവധി പേരെ മന്ത്രാലയം റിക്രൂട്ട് ചെയ്തിരുന്നു. 711 മുസ്‌ലിം യോഗ പരിശീലകര്‍ ഇതിനായി അപേക്ഷിച്ചെങ്കിലും അഭിമുഖത്തിന് വിളിച്ച 26 പേരില്‍ ഒരു മുസ്‌ലിം പോലുമുണ്ടായിരുന്നില്ല. 2015 ഒക്ടോബര്‍ വരെ ഇന്ത്യയിലെ യോഗ അധ്യാപകരുടെ തസ്തികയിലേക്ക് 3,841 മുസ്‌ലിംകള്‍ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഒരാളെപ്പോലും ജോലിക്കെടുത്തില്ല. കേന്ദ്രസര്‍ക്കാരിന്റെ നയം അനുസരിച്ച് മുസ്‌ലിമിനെ തിരഞ്ഞെടുക്കുകയോ വിദേശത്തേക്ക് അയക്കുകയോ ചെയ്യാറില്ലെന്ന് ആയുഷ് മന്ത്രാലയം ഇതിന് കാരണമായി രേഖാമൂലം പറഞ്ഞതായാണ് ശര്‍മ റിപോര്‍ട്ട് ചെയ്തത്.
Next Story

RELATED STORIES

Share it