ആയുഷ് മന്ത്രാലയത്തിന്റെ പരാതി; പുഷ്പ് ശര്‍മ പോലിസ് കസ്റ്റഡിയില്‍

മുഹമ്മദ് സാബിത്ത്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ആയുഷ് മന്ത്രാലയം മുസ്‌ലിം ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കുന്നില്ലെന്നു രേഖകള്‍ സഹിതം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തു.
ആയുഷ് മന്ത്രാലയത്തിന്റെ പരാതിയിലാണു നടപടി. മില്ലി ഗസറ്റിലെ ഫ്രീലാന്‍സ് റിപോര്‍ട്ടര്‍ പുഷ്പ് ശര്‍മയെ ആണ് ചൊവ്വാഴ്ച വൈകീട്ട് കോട്‌ല മുബാറക്പൂര്‍ പോലിസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. നാലുമണിക്കൂറോളം ചോദ്യംചെയ്ത ശര്‍മയെ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുമായി വരാന്‍ നിര്‍ദേശിച്ച് വിട്ടയച്ചു.
തുടര്‍ന്ന് ഇന്നലെ രാവിലെ 11ഓടെ സ്‌റ്റേഷനില്‍ ഹാജരായി. വൈകീട്ടും ചോദ്യംചെയ്യല്‍ തുടരുകയാണ്. റിപോര്‍ട്ടിന്റെ പിന്നിലെ ലക്ഷ്യത്തെയും വ്യക്തികളെയും കുറിച്ചാണ് പ്രധാനമായും പോലിസ് ആരാഞ്ഞത്. ഔദ്യോഗിക രേഖകളെ ഉദ്ധരിച്ചു തയ്യാറാക്കിയ റിപോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായി ശര്‍മ വ്യക്തമാക്കി.
രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിവരങ്ങള്‍ ലഭിച്ചാല്‍ മറ്റേതൊരു മാധ്യമപ്രവര്‍ത്തകനും ചെയ്യുന്ന കാര്യം മാത്രമേ ആയുഷ് മന്ത്രാലയത്തിലെ രേഖകള്‍ ലഭിച്ചപ്പോള്‍ താനും ചെയ്തുള്ളൂ. പിന്നീട് മന്ത്രാലയം പുറത്തുവിട്ട നിഷേധക്കുറിപ്പ് തങ്ങള്‍ പ്രസിദ്ധീകരിച്ചതായും ശര്‍മ പറഞ്ഞു.
അതേസമയം, ആയുഷ് മന്ത്രാലയത്തിന്റെ വിശദീകരണം തെറ്റാണെന്ന് മില്ലി ഗസറ്റ് എഡിറ്റര്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ പ്രതികരിച്ചു. കഴിഞ്ഞവര്‍ഷം നടന്ന യോഗാ സമ്മേളനത്തിനെത്തിയ വിദേശ വിദഗ്ധരെക്കുറിച്ചുള്ള വിവരമാണ് ആയുഷ് മന്ത്രാലയം വിശദീകരിച്ചത്. എന്നാല്‍ മില്ലി ഗസറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഇന്ത്യയില്‍നിന്ന് അയച്ച യോഗാധ്യാപകരെ കുറിച്ചായിരുന്നുവെന്നും പത്രാധിപര്‍ വ്യക്തമാക്കി.
യോഗാ ദിനത്തോടനുബന്ധിച്ച് ആയുഷ് മന്ത്രാലയം ജോലിക്കെടുത്ത മുസ്‌ലിം ഉദ്യോഗാര്‍ഥികളുടെ വിവരങ്ങളന്വേഷിച്ച് പുഷ്പ് ശര്‍മ നല്‍കിയ അപേക്ഷയിലാണു തങ്ങള്‍ മുസ്‌ലിംകളെ ജോലിക്കെടുക്കാറില്ലെന്ന മറുപടി ലഭിച്ചത്.
Next Story

RELATED STORIES

Share it