ആയുഷ് ആരോഗ്യനയം നിലവില്‍ വന്നു

തിരുവനന്തപുരം: കേരളത്തെ ആയുഷ് ചികില്‍സാ സമ്പ്രദായങ്ങളുടെ ആഗോള തലസ്ഥാനമാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള ആയുഷ് ആരോഗ്യ നയം നിലവില്‍ വന്നു. ആരോഗ്യ വകുപ്പു മന്ത്രി വി എസ് ശിവകുമാറിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ആയുഷ് ആരോഗ്യ നയത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിച്ചത്.
ആയുഷ് വകുപ്പിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വ്യക്തമായ ദിശാബോധം നല്‍കുന്ന ആരോഗ്യനയം വകുപ്പ് രൂപീകരിച്ച് ആറുമാസത്തിനകം തയ്യാറാക്കി നടപ്പാക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്ന് പ്രകാശന കര്‍മം നിര്‍വഹിച്ച മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ തനതായ ചികില്‍സാ സമ്പ്രദായങ്ങള്‍ക്ക് കരുത്തുപകരുന്ന കാര്യങ്ങളാണ് ആരോഗ്യനയത്തിലുള്ളത്. ആയുഷ് ചികില്‍സാ സൗകര്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, ആയുഷ് ചികില്‍സാ സമ്പ്രദായങ്ങളുടെ സേവനം പ്രാഥമികാരോഗ്യരംഗത്ത് വിപുലമാക്കുക, ആയുഷ് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുക തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയത്തിന് 10 വര്‍ഷത്തെ പ്രാബല്യമുണ്ട്.
വര്‍ധിച്ചുവരുന്ന ജീവിത ശൈലീ രോഗങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ആയുര്‍വേദം ഹോമിയോ മുതലായ ആയുഷ് ചികില്‍സാ സമ്പ്രദായങ്ങള്‍ക്ക് വിപുലമായ പ്രചാരം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു.ചടങ്ങില്‍ കെ മുരളീധരന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
Next Story

RELATED STORIES

Share it