ആയുധ പരിശീലന ക്യാംപുകളുമായി ആര്‍എസ്എസ്

കൊച്ചി: സംസ്ഥാന വ്യാപകമായി ആര്‍എസ്എസ് ആയുധപരിശീലന ക്യാംപുകള്‍ നടത്തുന്നു. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുതലെടുപ്പു നടത്താന്‍ സംഘപരിവാര സംഘടനകള്‍ പദ്ധതിയിടുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് ശരിവയ്ക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. തീവ്രഹിന്ദുത്വ വാദിയായ ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്കെത്തിച്ച ആര്‍എസ്എസ് സംസ്ഥാനത്ത് കൂടുതല്‍ തീവ്ര നിലപാടുകളിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്.
മുന്‍കാലങ്ങളില്‍ മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുമിച്ചായിരുന്നു ക്യാംപുകളെങ്കില്‍ ഇത്തവണ ഇരു വിഭാഗത്തിനും പ്രത്യേകം ക്യാംപുകളാണ് ആര്‍എസ്എസ് നടത്തുന്നത്. വ്യക്തിത്വ വികസനം എന്ന പേരിലാണ് വിദ്യാര്‍ഥികളെ ക്യാംപിലേക്ക് വിടാന്‍ രക്ഷിതാക്കളെ ആര്‍എസ്എസ്സുകാര്‍ സമീപിക്കുന്നത്. എന്നാല്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനമാണ് ക്യാംപുകളില്‍ നടത്തുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മുന്‍ ക്യാംപുകളിലെ ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ആലപ്പുഴയില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രാഥമിക ശിക്ഷാ വര്‍ഗില്‍ ആര്‍എസ്എസ് എടത്വ താലൂക്ക് കാര്യവാഹക് ആയിരുന്നയാള്‍ ക്യാംപില്‍ ഊരിപ്പിടിച്ച വാളുമായി എടുത്ത സെല്‍ഫിയും ആയുധ പരിശീലനം നടത്തുന്ന ആര്‍എസ്എസുകാരന്റെ ചിത്രവും പുറത്തു വന്നിട്ടുണ്ട്. ആയുധ പരിശീലന ക്യാംപുകളില്‍ ദുരൂഹ മരണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ചൊന്നും അറിയാത്ത ഭാവത്തിലാണ് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നടന്ന ക്യാംപില്‍ കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി ചെങ്കര കയ്യാനിക്കല്‍ സുകുമാരന്റെ മകന്‍ വിഷ്ണുവെന്ന 16കാരന്‍ മരിക്കുകയുണ്ടായി. ഒക്ടോബറില്‍ മലപ്പുറം എടക്കരയില്‍ ആര്‍എസ്എസ് പരിപാടിക്കിടെ എടക്കര പാലേമാട് സ്വദേശി സുരേഷ്‌കുമാര്‍ കൊല്ലപ്പെട്ടിരുന്നു. 2013 ഏപ്രിലില്‍ തൃശൂര്‍ പേരാമംഗലം ശ്രീ ദുര്‍ഗവിലാസം സ്‌കൂളില്‍ നടന്ന ക്യാംപില്‍ ഒരാള്‍ മരിക്കുകയുണ്ടായി. എന്നാല്‍ സംഭവം സംഘാടകര്‍ ഒതുക്കിത്തീര്‍ക്കുകയാണുണ്ടായത്.
സംസ്ഥാന വ്യാപകമായി 38ഓളം ക്യാംപുകള്‍ നടക്കുന്നതായാണ് അറിയുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്ളവരും മറ്റുമാണ് ക്യാംപുകളില്‍ ക്ലാസുകള്‍ നയിക്കുന്നത്.
വാളും ചുരികയും മാത്രമല്ല കണ്ണൂരിലെ ചില ക്യാംപുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാനും പരിശീലനം നല്‍കുന്നുണ്ട്. ആയുധ പരിശീലനത്തിനു പുറമെ അന്യമത വിദ്വേഷം വര്‍ധിപ്പിക്കുന്ന ക്ലാസുകളും നല്‍കുന്നുണ്ടെന്ന് ക്യാംപിലെ ദൃശ്യങ്ങള്‍ പങ്കുവച്ച പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആര്‍എസ്എസ്സുകാരന്‍ പറഞ്ഞു.
ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം ജില്ലയില്‍ നഗരത്തിലുള്‍പ്പെടെ അഞ്ചിടങ്ങളിലാണ് ഇത്തവണ ആര്‍എസ്എസ് ക്യാംപ് നടത്തുന്നത്. യോഗ ക്യാംപില്‍ പങ്കെടുത്തവര്‍ക്കെതിരേ യുഎപിഎ ഉള്‍പ്പെടെ ചുമത്തിയ പോലിസ് പക്ഷെ മാരകായുധങ്ങളുമായി ആര്‍എസ്എസ് നടത്തുന്ന ക്യാംപുകള്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
Next Story

RELATED STORIES

Share it