ആയിരങ്ങള്‍ പട്ടിണി മരണത്തിന്റെ വക്കില്‍; വെടിനിര്‍ത്തലിനിടെ സഹായവിതരണം വ്യാപിപ്പിക്കാന്‍ യുഎന്‍ നീക്കം

ദമസ്‌കസ്: ശനിയാഴ്ച പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ തുടരുന്നതിനിടെ ഉപരോധം തകര്‍ത്ത സിറിയന്‍ മേഖലകളിലേക്ക് സഹായവിതരണം വ്യാപിപ്പിക്കാന്‍ ഒരുങ്ങി യുഎന്‍. തിങ്കളാഴ്ച ആരംഭിക്കുന്ന സഹായവിതരണം അഞ്ചുദിവസം കൊണ്ട് 1,50,000 പേരിലെത്തിക്കാനാണ് യുഎന്‍ പദ്ധതി തയ്യാറാക്കിയത്.
മാര്‍ച്ച് അവസാനത്തോടെ 17 ലക്ഷം പേര്‍ക്ക് സഹായമെത്തിക്കാനാവുമെന്നും യുഎന്‍ കണക്ക് കൂട്ടുന്നു. ഉപരോധിത മേഖലകളില്‍ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കാന്‍ ലഭിച്ച അസുലഭാവസരം പ്രയോജനപ്പെടുത്താനാണ് യുഎന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അതേസമയം റഷ്യ, യുഎസ് മധ്യസ്ഥതയില്‍ ശനിയാഴ്ച പുലര്‍ച്ചയോടെ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ പലയിടങ്ങളിലും ലംഘിക്കപ്പെട്ടതായി ആരോപണമുണ്ട്. യുഎന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ഐഎസും അല്‍ഖാഇദ ബന്ധമുണ്ടെന്നാരോപിക്കപ്പെടുന്ന അല്‍നുസ്‌റയും വെടിനിര്‍ത്തല്‍ പരിധിയില്‍ ഉള്‍പ്പെടാത്തതും സ്ഥിതി സങ്കീര്‍ണമാക്കുന്നുണ്ട്.
അസദിനെതിരേ പോരാടുന്ന മിതവാദികളായ വിമത പോരാളികളെ റഷ്യന്‍ സൈന്യം ആക്രമിക്കുന്നതായും പാശ്ചാത്യരാജ്യങ്ങള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, റഷ്യ ഇക്കാര്യം നിഷേധിക്കുകയാണ്. വെടിനിര്‍ത്തലിനിടെ ഹലബില്‍ വ്യോമാക്രമണം ഉള്‍പ്പെടെ നിരവധി വെടിനിര്‍ത്തല്‍ ലംഘനം നടന്നതായി പാശ്ചാത്യ പിന്തുണയുള്ള പ്രതിപക്ഷവും സിറിയന്‍ ഭരണകൂടവും ആരോപിക്കുന്നു.
ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയിലും വെടിനിര്‍ത്തല്‍ കോട്ടമില്ലാതെ തുടരുന്നുണ്ട്. ചിലയിടങ്ങളില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും സ്ഥിതി പഴയതിനേക്കാള്‍ മെച്ചപ്പെട്ടതായി വിമത വക്താവ് അറിയിച്ചു. പ്രതീക്ഷകളെ തകിടം മറിക്കുന്ന രീതിയില്‍ നിരവധി ലംഘനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വെടിനിര്‍ത്തല്‍ രണ്ടാഴ്ച തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it