ആമിര്‍ വിവാദം: അലിയുടെ രാജി പിസിബി തള്ളി

കറാച്ചി: ഒത്തുകളിച്ചതിനെ തുടര്‍ന്ന് വിലക്ക് നേരിട്ട ശേഷം തിരിച്ചെത്തിയ പേസര്‍ മുഹമ്മദ് ആമിറിനെ ചൊല്ലിയുള്ള വിവാദം പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ വിട്ടൊഴിയുന്നില്ല. ആമിറിനെ ദേശീയ ടീമിന്റെ പരിശീലന ക്യാംപില്‍ ഉള്‍പ്പെടുത്തിയതാണ് പല താരങ്ങളെയും പ്രകോപിപ്പിച്ചത്. ആമിറിനെ പരിശീലനക്യാംപില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പാക് ടീമിന്റെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന് കാണിച്ച് അസ്ഹര്‍ അലി ഇന്നലെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പിസിബി) രാജിക്കത്ത് നല്‍കി. എന്നാല്‍, താരം നല്‍കിയ രാജിക്കത്ത് പിസിബി തള്ളി.
അസ്ഹര്‍ പിസിബി ചെയര്‍മാന്‍ ഷഹരിയര്‍ ഖാനുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് പാക് ക്യാപ്റ്റനായി തുടരാമെന്ന് അസ്ഹ ര്‍ ഉറപ്പ് നല്‍കുകയും ചെയ്തു- പിസിബി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. അസ്ഹറിനൊപ്പം ട്വന്റി ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസുമുണ്ടായിരുന്നു. 2010ല്‍ ഒത്തുകളിച്ചതിനെ തുടര്‍ന്നാണ് ആമിറിന് അഞ്ചു വര്‍ഷത്തെ വിലക്ക് ലഭിച്ചത്. വിലക്ക് കഴിഞ്ഞതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പാണ് പാകിസ്താന്റെ 26 അംഗ പരിശീലന ക്യാംപിലേക്ക് ആമിറിന് വിളിവന്നത്. ആമിറിനെ ക്യാംപില്‍ ഉള്‍പ്പെടുത്തിയതി ല്‍ അസ്ഹറിന് പുറമേ ഹഫീസും പ്രതിഷേധം അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it