Alappuzha local

ആമിനയുടെ ദുരൂഹ മരണം: ആക്ഷന്‍ കൗണ്‍സില്‍ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

ആലപ്പുഴ: ആമിനയുടെ ദുരൂഹ മരണത്തില്‍ കുറ്റക്കാരായവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി.
കഴിഞ്ഞ നാലാം തിയ്യതിയാണ് ഭര്‍തൃഗൃഹത്തില്‍ ആലപ്പുഴ ചിറയില്‍ വീട്ടില്‍ എച്ച്ബി പാടത്ത് പരേതനായ അഷ്‌റഫിന്റെ മകള്‍ ആമിനയെ(21) മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തെ തുടര്‍ന്നു ആലപ്പുഴ സൗത്ത് പോലിസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ബന്ധുക്കള്‍ക്ക് നല്‍കാത്തതിലും പ്രതിഷേധിച്ചാണ് ആക്ഷന്‍ കൗണ്‍സില്‍ മാര്‍ച്ച് നടത്തിയത്.
മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഇര്‍ഷാദ് പള്ളി പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് സൗത്ത് പോലിസ് സ്‌റ്റേഷനു സമീപം പോലിസ് തടഞ്ഞു. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കളും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും ഡിവൈഎസ്പിയെ ധരിപ്പിച്ചു.
സമരത്തെ തുടര്‍ന്നു ഏതുതരത്തിലുള്ള അന്വേഷണവും നടത്താമെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഉറപ്പുവരുത്താമെന്നു ഡിവൈഎസ്പി സമരക്കാര്‍ക്കു ഉറപ്പുനല്‍കി. കേസ് നടപടികളെക്കുറിച്ച് അറിയാന്‍ ചെന്നവരോട് ഒത്തുതീര്‍പ്പിന് തയ്യാറാവണമെന്ന് സിഐ ആവശ്യപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി.
രണ്ടുമണിക്കൂറോളം സമരംനീണ്ടുനിന്നു. ആക്ഷന്‍ കൗണ്‍സില്‍ചെയര്‍മാന്‍ സുധീര്‍കോയ അധ്യക്ഷതവഹിച്ചു. നിയമഉപദേഷ്ഠാവ് അഡ്വ. കെ നജീബ് ഉദ്ഘാടനം ചെയ്തു. സബി വലിയകുളം, നസീര്‍ അലിക്കോയ, എച്ച് മുഹമ്മദാലി, ടി കെ പ്രശാന്തന്‍, സീനത്ത് നാസര്‍, നബീസ അക്ബല്‍, സുനീര്‍ ഇസ്മയില്‍ പങ്കെടുത്തു.
മരണത്തിന് ശേഷം ആമനയുടെ പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാനും ഭര്‍തൃവീട്ടുകാര്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു. സഹോദരന്‍ ഉണ്ണിയുടെ നിര്‍ബന്ധപ്രകാരമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയയത്. ആമിന ആത്മഹത്യ ചെയ്തുവെന്നാണ് ഭര്‍തൃവീട്ടുകര്‍ ആശുപത്രിയില്‍ പറഞ്ഞിരുന്നത്. ക്രിക്കറ്റ് ടൂര്‍ണമെന്റ് കണ്ട് കഴിഞ്ഞ് ഭര്‍ത്താവ് അജീഷ് വീട്ടിലെത്തിയപ്പോള്‍ ഷാള്‍ കഴുത്തില്‍ കുരുക്കി കട്ടിലില്‍ മരിച്ച അവസ്ഥയില്‍ ആമിനയെ കണ്ടെത്തുകയായിരുന്നുവെന്നാണ് പറഞ്ഞിരുന്നു. എന്നാല്‍ ഇയാളുടെ മൊഴിയില്‍ വൈരുദ്ധ്യമുള്ളതായി സഹോദരന്‍ പറയുന്നു. ഭര്‍തൃപിതാവിനും മരണത്തില്‍ പങ്കുള്ളതായി ബന്ധക്കള്‍ക്ക് സംശയമുണ്ട്.
Next Story

RELATED STORIES

Share it