ആഭ്യന്തരസംഘര്‍ഷം അവസാനിച്ചാല്‍ അഭയാര്‍ഥികള്‍ തിരിച്ചുപോവണമെന്ന് മെര്‍ക്കല്‍

ബര്‍ലിന്‍: സിറിയയിലെയും ഇറാഖിലെയും ആഭ്യന്തരസംഘര്‍ഷം അവസാനിച്ചാല്‍ രാജ്യത്തെത്തിയ അഭയാര്‍ഥികള്‍ തിരിച്ച് തങ്ങളുടെ രാജ്യത്തേക്കുതന്നെ പോവണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജലാ മെര്‍ക്കല്‍.
അഭയാര്‍ഥികളോടുള്ള മെര്‍ക്കലിന്റെ തുറന്ന സമീപനം രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഏറെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ നടപടി. അഭയാര്‍ഥികളോടു പുലര്‍ത്തിയ നയത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നു മെര്‍ക്കലിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. കഴിഞ്ഞ വര്‍ഷം 1.1 ദശലക്ഷത്തോളം അഭയാര്‍ഥികളാണ് ജര്‍മനിയിലെത്തിയത്. അഭയാര്‍ഥികളെ ജര്‍മനിയുമായി കൂട്ടിയോജിപ്പിക്കാന്‍ ശ്രമങ്ങളുമായി മുന്നോട്ടുപോവുമെങ്കിലും അവര്‍ക്ക് നിശ്ചിതകാലം മാത്രമേ രാജ്യത്ത് തുടരാനാവൂവെന്നും മെര്‍ക്കല്‍ വ്യക്തമാക്കി.
ഇറാഖിലും സിറിയയിലും ഒരിക്കല്‍ ഐഎസിനെ തുരത്തിയും ആഭ്യന്തരസംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്തിയും സമാധാനം സ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1990കളില്‍ യൂഗോസ്ലോവിയയില്‍ യുദ്ധമുണ്ടായപ്പോള്‍ ജര്‍മനിയിലേക്ക് അഭയാര്‍ഥികളായെത്തിയവരില്‍ 70 ശതമാനത്തോളം പേരെയും തിരിച്ചയച്ചതായി മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it