World

ആഭ്യന്തരയുദ്ധം: അഫ്ഗാനില്‍ ഭവനരഹിതരുടെ എണ്ണം രണ്ടിരട്ടിയായി

കാബൂള്‍: ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ അഫ്ഗാനിസ്താനില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെ എണ്ണം നാലു വര്‍ഷത്തിനിടെ രണ്ടിരട്ടിയായി വര്‍ധിച്ചതായി റിപോര്‍ട്ട്. 12 ലക്ഷത്തോളം പേര്‍ക്ക് സംഘര്‍ഷത്തില്‍ വീടു നഷ്ടമായതായി മനുഷ്യാവകാശസംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ പുറത്തുവിട്ട റിപോര്‍ട്ട് കാണിക്കുന്നു. സര്‍ക്കാര്‍ ഇവരെ അവഗണിക്കുകയാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംഘര്‍ഷത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ശ്രമം നടത്തുകയാണ്.
2012ല്‍ ഭവനരഹിതരായവരുടെ എണ്ണം അഞ്ചു ലക്ഷത്തോളമായിരുന്നെങ്കില്‍ കഴിഞ്ഞ ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് ഇത് 12 ലക്ഷമായി വര്‍ധിച്ചു. വീടു നഷ്ടപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ ക്യാംപുകളില്‍ ആവശ്യത്തിനു വെള്ളമോ ഭക്ഷണമോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ ലഭ്യമല്ല. ക്യാംപിലെ ജീവിതത്തേക്കാള്‍ തങ്ങള്‍ ജയിലുകളില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നതായി ക്യാംപില്‍ താമസിക്കുന്ന ഹെറാത് എന്ന സ്ത്രീയെ ഉദ്ധരിച്ച് ആംനസ്റ്റി റിപോര്‍ട്ട് ചെയ്യുന്നു. പാശ്ചാത്യ പിന്തുണയുള്ള അഫ്ഗാന്‍ സര്‍ക്കാരിനെതിരേ പോരാട്ടം നടത്തുന്ന താലിബാന്‍ കഴിഞ്ഞമാസം വസന്തകാല ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it