ആഭ്യന്തരകലഹത്തിന്റെ ഇരയാണു താനെന്ന്അസിം അഹ്മദ് ഖാന്‍

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തിന്റെ ഇരയാണു താനെന്ന് അഴിമതിയാരോപണത്തെ തുടര്‍ന്ന് കെജ്‌രിവാള്‍ പുറത്താക്കിയ മന്ത്രി അസിം അഹ്മദ് ഖാന്‍. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരകലഹങ്ങളുടെ ബലിയാടാവുകയായിരുന്നു താനെന്നാണ് ഇന്നലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അസിം ഖാന്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം എന്താണു നടന്നതെന്നു വ്യക്തമാവുന്നില്ല. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജി ആവശ്യപ്പെട്ടു. താന്‍ രാജിവച്ചു. താന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നു പറഞ്ഞു പുറത്തുവിട്ട ശബ്ദരേഖ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അതിന്റെ പകര്‍പ്പ് തനിക്കു ലഭിച്ചിട്ടില്ല.

തദ്‌സമയം വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് തന്നെ പുറത്താക്കിയ കെജ്‌രിവാളിന്റെ നടപടി തന്നെ അമ്പരിപ്പിച്ചെന്നും അസിം ഖാന്‍ പറഞ്ഞു. ഒരു യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന താന്‍ അതിനുശേഷം മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ മാത്രമാണു പുറത്താക്കിയ വിവരം അറിഞ്ഞതെന്നും ഖാന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ തന്നെക്കുറിച്ച് വരുംദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്ന് അജ്ഞാതരായ ചിലര്‍ ഭീഷണിപ്പെടുത്തിയതായും അസിം അഹ്മദ്  ഖാന്‍ പറഞ്ഞു. താന്‍ ഒരു നല്ല പ്രതിച്ഛായയുള്ള വ്യക്തിയാണ്.

രാഷ്ട്രീയപരമായി തന്നെ മോശമായി ചിത്രീകരിച്ചത് എന്തിനെന്നു വ്യക്തമല്ല. സ്വയം നീതീകരിക്കാനുള്ള എല്ലാ തെളിവുകളും പൊതുജനങ്ങളുടെ മുന്നില്‍ വെളിപ്പെടുത്തുമെന്നും അസിം ഖാന്‍ പറഞ്ഞു. താന്‍ ഉള്‍പ്പെട്ടതെന്നു പറഞ്ഞ ശബ്ദരേഖയില്‍ രണ്ടാമതായി സംസാരിക്കുന്ന ശബ്ദം ആം ആദ്മി പാര്‍ട്ടി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് ഷക്കീല്‍ അഹ്മദിന്റേതാണെന്നും അസിം ഖാന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it