Kollam Local

ആഫ്രിക്കയില്‍ എന്‍ജിനീയറുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി എംപി

കൊല്ലം: ആഫ്രിക്കയില്‍ മരണപ്പെട്ട ജലസേചന വകുപ്പ് മുന്‍ ചീഫ് എന്‍ജിനീയര്‍ എന്‍ ശശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചു വരുന്നതായി ആഫ്രിക്കന്‍ ഹൈകമ്മീഷണര്‍ അറിയിച്ചതായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു.
മരണപ്പെട്ട ശശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം പി ആഫ്രിക്കയിലെ ഇന്ത്യന്‍ എംബസി ഹൈകമ്മീഷണര്‍ക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും കത്ത് നല്‍കിയിരുന്നു. മൃതദേഹം എംബാം ചെയ്ത് നാട്ടിലേക്ക് അയ്ക്കുന്ന തരത്തില്‍ എല്ലാവിധ നടപടിയും പൂര്‍ത്തിയാക്കി. ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചിമോയില്‍ നിന്നും മാപ്പുറ്റോയില്‍ എത്തിച്ചാല്‍ മാത്രമേ അവിടെ നിന്നും ഇന്ത്യയിലേക്ക് അയ്ക്കാന്‍ കഴിയു. മൊസാമ്പിക്കില്‍ ആഭ്യന്തര വേ്യാമയാന മേഖലയില്‍ മൃതദേഹം വഹിച്ചു കൊണ്ടു പോകാന്‍ തക്ക വലിപ്പമുളള വിമാനം ചിമോയ മാപ്പുറ്റോ മേഖലയില്‍ സര്‍വ്വീസില്ല. അതിനാല്‍ ചിമോയില്‍ നിന്നും മാപ്പുറ്റോയിലേയ്ക്ക് മൃതദേഹം കൊണ്ടുവരുന്നതിന് റോഡ് മാര്‍ഗ്ഗം മാത്രമേ കഴിയുകയുളളു.
മൃതദേഹം കൊണ്ടു വരേണ്ട ദേശീയപാതയില്‍ പ്രതിപക്ഷ കക്ഷിയായ റെണാമോസ് മിലിഷ്യായുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ അക്രമിക്കപ്പെട്ടു വരുന്നു. ആയതിനാല്‍ പോലിസ് എസ്‌കോര്‍ട്ടോട് കൂടി മാത്രമേ മൃതദേഹം മാപ്പുറ്റോയില്‍ എത്തിക്കാന്‍ കഴിയു. മൃതദേഹം ചിമോയില്‍ നിന്നും മാപ്പുറ്റായിലേയ്ക്ക് കൊണ്ടുവരാന്‍ പ്രാദേശിക അധികാരികളോട് പോലിസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുളളതായും ഹൈകമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്.
പൊലിസ് സംരക്ഷണത്തോടെ മൃതദേഹം മാപ്പുറ്റോയില്‍ എത്തിച്ച് അവിടെ നിന്നും ഇന്ത്യയിലേയ്ക്ക് അയ്ക്കുമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ അറിയിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ എംബസി മൊസാമ്പിയന്‍ വിദേശകാര്യ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുളളതായി ഹൈകമ്മീഷണര്‍ മറുപടി നല്‍കിയതായും എന്‍ കെ പ്രേമചന്ദ്രന്‍ എം പി അറിയിച്ചു.
Next Story

RELATED STORIES

Share it