ആഫ്രിക്കയിലെ യുഎന്‍ ആസ്ഥാനത്ത്  ഫലസ്തീന്‍ പതാക ഉയര്‍ത്തി

അദിസ് അബാബ: ഫലസ്തീന്‍ രാഷ്ട്രത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഫ്രിക്കയിലെ യുഎന്നിന്റെ ഏറ്റവും വലിയ ഏജന്‍സിയായ യുനൈറ്റഡ് നാഷന്‍സ് ഇകണോമിക് കമ്മീഷന്‍ ഫോര്‍ ആഫ്രിക്ക (യുഎന്‍ഇസിഎ) സംഘടനയുടെ ആസ്ഥാനത്ത് ഫലസ്തീന്‍ പതാക ഉയര്‍ത്തി. എത്യോപ്യന്‍ തലസ്ഥാനമായ അദിസ് അബാബയിലെ സംഘടന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരും യുഎന്നിന്റെയും ആഫ്രിക്കന്‍ യൂനിയന്റെയും എത്യോപ്യന്‍ സര്‍ക്കാരിന്റെയും പ്രതിനിധികള്‍ സംബന്ധിച്ചു.
ഫലസ്തീനിലെയും ഇസ്രായേലിലെയും സാധാരണക്കാര്‍ക്ക് നീതിയും സമാധാനവും ഉറപ്പുവരുത്തുന്നതിനുള്ള തങ്ങളുടെ ബാധ്യത ഐക്യദാര്‍ഢ്യത്തിന്റെ ഈ അന്താരാഷ്ട്ര ദിനത്തില്‍ അരക്കിട്ടുറപ്പിക്കുകയാണ് ലക്ഷ്യമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രസ്താവനയില്‍ അറിയിച്ചു.
136 രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയും യുഎന്‍ ആസ്ഥാനത്തുള്‍പ്പെടെ ഫലസ്തീന്‍ പതാക ഉയര്‍ത്തുകയും ചെയ്തിട്ടും ഫലസ്തീന്‍ മക്കള്‍ക്കും അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെയും ഹെബ്രോണിലെയും നെബുലസിലെയും താമസക്കാര്‍ക്കും അതിന്റെ ഗുണങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷ പരിഹാരത്തിന് ഇസ്രായേലും ഫലസ്തീനും അനുരഞ്ജന പാത സ്വീകരിക്കണമെന്നും
പ്രശ്‌നം രൂക്ഷമാക്കുന്ന പ്രസ്താവനകളില്‍നിന്ന് ഇരു രാജ്യങ്ങളും ഒഴിഞ്ഞുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it